സൗദി പൗരന്മാർക്കായി നാല്പത്തിനായിരത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ കൂടുതൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിച്ചു. ജൂലൈ 4, ഞായറാഴ്ച്ചയാണ് HRSD വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽ രജ്ഹി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ തീരുമാനത്തിന്റെ ഭാഗമായി സൗദിയിലെ കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, ലീഗൽ അഡ്വൈസ്, നിയമ സ്ഥാപനങ്ങൾ, സിനിമാ മേഖല, ഡ്രൈവിംഗ് സ്കൂൾ, എൻജിനീയറിങ്ങ്, ടെക്നിക്കൽ തൊഴിലുകൾ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്. സൗദി പൗരന്മാർക്കായി 2021-ൽ ഏതാണ്ട് രണ്ട് ലക്ഷത്തിലധികം തൊഴിലുകൾ സൃഷ്ടിക്കുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിട്ടതെന്ന് അൽ രജ്ഹി വ്യക്തമാക്കി.
സൗദിയിലെ സ്വകാര്യ മേഖലയിൽ പൗരന്മാർക്ക് കൂടുതൽ മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, രാജ്യത്തെ തൊഴിൽ മേഖലയിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം ഉയർത്തുന്നതിനും ഈ തീരുമാനം സഹായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാളുകൾ, ഭക്ഷണശാലകൾ, മൊത്തവിതരണ മാർക്കറ്റുകൾ, വിദ്യാഭ്യാസ രംഗം തുടങ്ങി സൗദിയിലെ വിവിധ മേഖലകളിൽ ഈ വർഷം HRSD സ്വദേശിവത്കരണം നടപ്പിലാക്കിയിരുന്നു.
രാജ്യത്തെ കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ 2021 ജൂൺ 27 മുതൽ പ്രാബല്യത്തിൽ വന്നതായി HRSD അറിയിച്ചിരുന്നു.