ഫെബ്രുവരി 3 മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്‌കാലിക വിലക്കേർപ്പെടുത്തി

featured GCC News

COVID-19 വ്യാപനം തടയുന്നതിനായി, 2021 ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ ഇന്ത്യ ഉൾപ്പടെ 20 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 2-ന് രാത്രിയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

വിലക്കേർപ്പെടുത്തിയിട്ടുള്ള 20 രാജ്യങ്ങളിൽ നിന്നെത്തുന്ന നയതന്ത്ര പ്രതിനിധികൾ, സൗദി പൗരന്മാർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ തീരുമാനം ബാധകമാക്കിയിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 3, ബുധനാഴ്ച്ച വൈകീട്ട് 9 മണി മുതലാണ് ഈ താത്‌കാലിക വിലക്ക് പ്രാബല്യത്തിൽ വരുന്നത്.

ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, യു എസ് എ, യു എ ഇ മുതലായ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും സൗദി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടെത്തുന്നവർക്കും, കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഈ 20 രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. ഇളവ് അനുവദിച്ചിട്ടുള്ള വിഭാഗങ്ങളിലുള്ളവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ സുരക്ഷാ നിർദ്ദേശങ്ങൾക്ക് വിധേയമായാണ് സൗദിയിലേക്ക് പ്രവേശനം നൽകുന്നത്.

ഫെബ്രുവരി 3, ബുധനാഴ്ച്ച മുതൽ താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് സൗദി താത്കാലിക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്:

  • Argentina
  • Brazil
  • Britain
  • Egypt
  • France
  • Germany
  • India
  • Indonesia
  • Ireland
  • Italy
  • Japan
  • Lebanon
  • Pakistan
  • Portugal
  • South Africa
  • Sweden
  • Switzerland
  • Turkey
  • United Arab Emirates
  • United States