സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യം തോന്നുന്ന രീതിയിലുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യോമയാന സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തിനെ കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിപ്പ് നൽകി. ഒക്ടോബർ 5, തിങ്കളാഴ്ച്ച പുലർച്ചെ ട്വിറ്ററിലൂടെ പങ്ക് വെച്ച ഔദ്യോഗിക അറിയിപ്പിലൂടെയാണ് ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ ഇന്ത്യൻ സമൂഹത്തോട് എംബസി ആവശ്യപ്പെട്ടത്.
“@SupportIndianEmbassy എന്ന ട്വിറ്റർ ഹാൻഡിൽ ഉപയോഗിച്ചും, indianhighcommission20@yahoo.com എന്ന ഇമെയിൽ മേൽവിലാസം ഉപയോഗിച്ചും സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യങ്ങൾ വാഗ്ദാനം നൽകികൊണ്ടുള്ള സന്ദേശങ്ങൾ ഏതാനം ഇന്ത്യക്കാർക്ക് ലഭിച്ചതായി എംബസിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സേവനങ്ങൾക്കായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഇത്തരം സന്ദേശങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതാണ്. @SupportIndianEmbassy എന്ന ട്വിറ്റർ ഹാൻഡിൽ, indianhighcommission20@yahoo.com എന്ന ഇമെയിൽ വിലാസം എന്നിവ റിയാദിലെ ഇന്ത്യൻ എംബസിയുമായി യാതൊരു തരത്തിലും ബന്ധപ്പെട്ടവയല്ലാ എന്ന് ഇന്ത്യൻ സമൂഹത്തെ ഞങ്ങൾ അറിയിക്കുന്നു. സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ, ട്വിറ്റർ, ഫേസ്ബുക് വിലാസങ്ങൾ, ടെലിഫോൺ നമ്പറുകൾ എന്നിവ https://www.eoiriyadh.gov.in/ എന്ന എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.”, റിയാദിലെ ഇന്ത്യൻ എംബസി അറിയിപ്പിലൂടെ വ്യക്തമാക്കി.
ഇത്തരം സംശയകരമായ സന്ദേശങ്ങൾ ലഭിക്കുന്നവർ, സന്ദേശങ്ങൾ ലഭിക്കാനിടയായ ഇമെയിൽ, ഫോൺ നമ്പറുകൾ എന്നിവ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രം അവയോട് പ്രതികരിക്കേണ്ടതാണെന്നും എംബസി ഓർമ്മപ്പെടുത്തി. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങൾ എപ്പോഴും @mea.gov.in എന്ന രീതിയിൽ അവസാനിക്കുന്നവ ആയിരിക്കുമെന്നും എംബസി കൂട്ടിച്ചേർത്തു.