രാജ്യം G20 ഉച്ചകോടിക്ക് നേതൃത്വം നൽകുന്നതിന്റെ സ്മരണാർത്ഥം, 20 റിയാലിന്റെ പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുന്നതായി സൗദി അറേബ്യൻ മോനിറ്ററി അതോറിറ്റി (SAMA) അറിയിച്ചു. ഈ പുതിയ കറൻസി ഒക്ടോബർ 25, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും SAMA വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ കറൻസി നോട്ടിന്റെ ഒരു വശത്ത് സൽമാൻ രാജാവിന്റെ ചിത്രവും, G20 സൗദി ഉച്ചകോടിയുടെ ഔദ്യോഗിക ചിഹ്നവും, മറു വശത്ത് G20 രാജ്യങ്ങളെ എടുത്തുകാണിക്കുന്ന ലോക ഭൂപടവുമാണ് ആലേഖനം ചെയ്തിട്ടുള്ളത്. നവംബർ 21, 22 എന്നീ തീയ്യതികളിൽ റിയാദിൽ വെച്ചാണ് G20 ഉച്ചകോടി നടക്കുന്നത്.
കറൻസി നോട്ടുകൾ മുദ്രണം ചെയ്യുന്നതിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പുതിയ G20 ഇരുപത് റിയാൽ നോട്ട് നിർമ്മിച്ചിരിക്കുന്നതെന്ന് SAMA വ്യക്തമാക്കി. നിരവധി സുരക്ഷാ മുൻകരുതലുകൾ ഉൾപ്പെടുത്തിയാണ് ഈ ബാങ്ക് നോട്ടുകൾ രാജ്യത്ത് പ്രചാരത്തിൽ കൊണ്ടുവരുന്നതെന്ന് SAMA കൂട്ടിച്ചേർത്തു. G20 ഔദ്യോഗിക മുദ്രയിലെ വർണ്ണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കൊണ്ടാണ് പുതിയ ഇരുപത് റിയാൽ കറൻസി നോട്ടിലെ നിറങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്.
ഒക്ടോബർ ആദ്യ വാരത്തിൽ സൗദി അറേബ്യയിൽ അഞ്ച് റിയാലിന്റെ പുതിയ പോളിമർ ബാങ്ക്നോട്ടുകൾ SAMA പുറത്തിറക്കിയിരുന്നു.