രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. ‘Tawakkalna’ ആപ്പിൽ ‘COVID-19 രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 രോഗബാധയില്ലാത്തവർ’ എന്നീ രണ്ട് ഹെൽത്ത് സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് മാത്രമേ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് ബോർഡിങ്ങ് പാസ് നൽകാവൂ എന്ന് GACA വിമാനകമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഏപ്രിൽ 25-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്ത് വ്യോമയാന സേവനങ്ങൾ നൽകുന്ന കമ്പനികളോട് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി ചേർന്ന് യാത്രികരുടെ വിവരങ്ങൾ ‘Tawakkalna’ ആപ്പുമായി ബന്ധിപ്പിക്കുന്ന നടപടികൾ അടിയന്തിര വേഗത്തിൽ നടപ്പിലാക്കാനും GACA ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത് നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ GACA പ്രസിഡണ്ട് അബ്ദുൽഅസീസ് അൽ ദുഐജി എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്. ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പ്രകാരം രോഗബാധിതരെന്ന് കണ്ടെത്തുന്നവരെ ടിക്കറ്റ് ബുക്കിംഗ് റദ്ദാക്കിയതായി SMS മുഖേനെ അറിയിക്കുന്നതിനായുള്ള സംവിധാനം ഒരുക്കാനും കമ്പനികളോട് GACA ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു വ്യക്തിയ്ക്ക് COVID-19 രോഗബാധയില്ലാ എന്ന് തെളിയിക്കുന്നതിനായി ‘Tawakkalna’ ആപ്പിലെ ആരോഗ്യ സ്റ്റാറ്റസ് പര്യാപ്‌തമായ തെളിവായി ഉപയോഗിക്കാമെന്നും, ഇതിനായി മറ്റു രേഖകൾ ആവശ്യമില്ലെന്നും GACA വ്യക്തമാക്കി.