രാജ്യത്തെ തൊഴിൽ മേഖലയിലെ ഏതാനം നിയമ ലംഘനങ്ങൾക്കുള്ള പുതുക്കിയ പിഴതുകകൾക്ക് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അംഗീകാരം നൽകി. MHRSD വകുപ്പ് മന്ത്രി ആഹ്മെദ് അൽ രജ്‌ഹി ഈ പുതിയ ശിക്ഷാ നടപടികൾ അംഗീകരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളിലായാണ് ഈ ശിക്ഷാ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചുരുങ്ങിയത് 51 ജീവനക്കാരുള്ള സ്ഥാപനങ്ങളെ ആദ്യ വിഭാഗത്തിലും, 11 മുതൽ 50 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ രണ്ടാം വിഭാഗത്തിലും, പത്ത് ജീവനക്കാർ വരെയുള്ള സ്ഥാപനങ്ങളെ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് MHRSD പിഴതുകകൾ ഏർപ്പെടുത്തിയിരിക്കുന്നത്.
MHRSD പുതിയതായി അംഗീകരിച്ചിട്ടുള്ള പ്രധാനപ്പെട്ട പിഴതുകകൾ:
- തൊഴിൽ സുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങളിലെ വീഴ്ചകൾക്കുള്ള പിഴ തുകകൾ: ആദ്യ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 10000 റിയാൽ. രണ്ടാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 5000 റിയാൽ, മൂന്നാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 2500 റിയാൽ.
- രാജ്യത്തെ കോഓപ്പറേറ്റീവ് ഹെൽത്ത് നിയമങ്ങൾ പ്രകാരം ജീവനക്കാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും മെഡിക്കൽ ഇൻഷുറൻസ് നൽകാത്ത സ്ഥാപനങ്ങൾക്കുള്ള പിഴതുകകൾ: ആദ്യ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 10000 റിയാൽ. രണ്ടാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 5000 റിയാൽ, മൂന്നാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 3000 റിയാൽ. നിയമലംഘനങ്ങളുടെ എണ്ണം അനുസരിച്ച് അത്രയും ഇരട്ടിതവണ ഈ പിഴ ചുമത്തുന്നതാണ്.
- പതിനഞ്ച് വയസിൽ താഴെ പ്രായമുള്ള കുട്ടികളെ തൊഴിലെടുപ്പിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ തുകകൾ: ആദ്യ വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 20000 റിയാൽ. രണ്ടാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 10000 റിയാൽ, മൂന്നാം വിഭാഗത്തിൽപ്പെടുന്ന സ്ഥാപനങ്ങൾക്ക് – 10000 റിയാൽ.
- പ്രസവശേഷമുള്ള ആദ്യ ആറ് ആഴ്ച്ചകളിൽ സ്ത്രീ ജീവനക്കാരെ തൊഴിലെടുക്കാൻ നിർബന്ധിക്കുന്ന സ്ഥാപനങ്ങൾക്കുള്ള പിഴ തുകകൾ: മൂന്ന് വിഭാഗങ്ങളിൽപ്പെടുന്ന സ്ഥാപനങ്ങൾക്കും 10000 റിയാൽ. നിയമലംഘനങ്ങളുടെ എണ്ണം അനുസരിച്ച് അത്രയും ഇരട്ടിതവണ ഈ പിഴ ചുമത്തുന്നതാണ്.