ശാരീരികവൈകല്യങ്ങളുള്ള പ്രവാസികളുൾപ്പടെയുള്ള വ്യക്തികൾക്കായി ഒരു പ്രത്യേക കാർഡ് (Tasheelat Card) പുറത്തിറക്കുന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MHRSD) അറിയിച്ചു. ശാരീരികവൈകല്യങ്ങൾ, ഓട്ടിസം എന്നിവയുള്ള സൗദി പൗരന്മാർ, സൗദി അറേബ്യയിലെ പ്രവാസികൾ എന്നിവർക്ക് അനുവദിക്കുന്ന ഈ കാർഡ് Tawakkalna ആപ്ലിക്കേഷനിലൂടെ ഇലക്ട്രോണിക് രൂപത്തിലാണ് നടപ്പിലാക്കുന്നത്.
അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള ഈ കാർഡ് 2022 ഒക്ടോബർ 18 മുതൽ Tawakkalna ആപ്പിലൂടെയും, MHRSD-യുടെ ആപ്പിലൂടെയും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാണ്. ഇവർക്കായി MHRSD നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ, സേവനങ്ങൾ എന്നിവ ലഭിക്കുന്നതിന് ഈ കാർഡ് സഹായകമാണ്.
ഈ കാർഡ് സൗദി അറേബ്യയ്ക്ക് പുറത്തും ഉപയോഗിക്കാവുന്നതാണ്. ഈ കാർഡ്, ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങളും, അവസരങ്ങളും നൽകുന്നതായി MHRSD അറിയിച്ചു. പ്രത്യേക പാർക്കിംഗ് ഇടങ്ങളിലേക്കുള്ള പ്രവേശനം, പൊതു ഗതാഗത സംവിധാനങ്ങളിലെ നിരക്കുകളിൽ ലഭ്യമാകുന്ന പ്രത്യേക ഇളവുകൾ മുതലായവ ഈ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന ഏതാനം ആനുകൂല്യങ്ങളാണ്. https://eservices.mlsd.gov.sa/ എന്ന വിലാസത്തിൽ ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്.