സൗദി അറേബ്യ: തൊഴിൽ കരാറുകളുടെ ആധികാരികത സ്ഥാപനങ്ങൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണ്

GCC News

തൊഴിൽ കരാറുകളുടെ ആധികാരികത രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഉറപ്പാക്കേണ്ടതാണെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു. ഇത് സ്ഥാപനങ്ങളുടെ നിയമബദ്ധമായ കർത്തവ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

തൊഴിലാളികളുടെയും, തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനായി സ്ഥാപനങ്ങൾ തങ്ങളുടെ തൊഴിലാളികളുമായുള്ള തൊഴിൽ കരാറുകൾ ക്വിവാ (Qiwa) സംവിധാനത്തിലൂടെ അവയുടെ ആധികാരികത തെളിയിക്കുന്നതിനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

തൊഴിലാളികളും, തൊഴിലുടമകളും തമ്മിലുള്ള തർക്കങ്ങൾ ഒഴിവാക്കുന്നതിനും, തൊഴിൽമേഖലയിലെ ഉത്‌പാദനക്ഷമത ഉയർത്തുന്നതിനും ഈ നടപടി ഏറെ സഹായകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ കരാറുകളുടെ ആധികാരികത ക്വിവാ സംവിധാനത്തിലൂടെ ഉറപ്പാക്കുന്നത് വഴി തൊഴിലുടമകൾ രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന വിദേശ ജീവനക്കാരുടെ കൃത്യമായ വിവരങ്ങൾ മന്ത്രാലയത്തിൽ സൂക്ഷിക്കുന്നതിനും സാധിക്കുന്നതാണ്.