രാജ്യത്തെ വിദ്യാലയങ്ങളിൽ ശീതള പാനീയങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് ഇബ്തിസാം അൽ ഷെഹ്റിയെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദി വിദ്യാഭ്യസ മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾക്ക് വിധേയമായാണ് ഈ വിലക്ക്. സൗദി അറേബ്യയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മന്ത്രാലയം നിഷ്കർഷിച്ചിട്ടുള്ള പോഷകാഹാരങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വക്താവ് കൂട്ടിച്ചേർത്തു.
ഈ തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി രാജ്യത്തെ വിദ്യാലയങ്ങളിലെ കാന്റീനുകളിൽ പരിശോധനകൾ നടത്താൻ മന്ത്രാലയം വിദ്യാഭ്യാസ വകുപ്പുകളോട് നിർദ്ദേശിച്ചിട്ടുണ്ട്.