രാജ്യത്ത് 2022 ജൂൺ 19, ഞായറാഴ്ച മുതൽ ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ജൂൺ 18-ന് വൈകീട്ടാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ജൂൺ 19 മുതൽ ജൂൺ 22, ബുധനാഴ്ച വരെ രാജ്യത്ത് ഉഷ്‌ണതരംഗത്തിന് സാധ്യതയുള്ളതായും, അന്തരീക്ഷ താപനില ഉയരാമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ഏതാനം മേഖലകളിൽ അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
ഈ കാലയളവിൽ ഈസ്റ്റേൺ പ്രൊവിൻസ് ഗവർണറേറ്റ്, മദീന, യാമ്പു മേഖലകൾക്കിടയിലെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. റിയാദിന്റെ കിഴക്കൻ മേഖലകൾ, അൽ ഖാസിം, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ ഇടങ്ങളിൽ അന്തരീക്ഷ താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താനിടയുണ്ട്.