സൗദി: നിയമവിരുദ്ധമായുള്ള ധനസമാഹരണത്തിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

Saudi Arabia

രാജ്യത്ത് നിയമവിരുദ്ധമായി നടക്കുന്ന വിവിധ തരത്തിലുള്ള ധനസമാഹരണങ്ങളെക്കുറിച്ചും, അനധികൃതമായി സംഭാവനകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും സൗദി പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം ധനസമാഹരണ പ്രചാരണ പരിപാടികളിൽ വഞ്ചിതരാകാതിരിക്കാനും, ഇത്തരം നിയമപരമല്ലാത്ത ധനശേഖരണ പരിപാടികൾക്ക് പണം നൽകാതിരിക്കാനും ജാഗ്രത പുലർത്താൻ ജനങ്ങളോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങൾ മുൻനിർത്തി നടത്തുന്ന ഇത്തരം ധനസമാഹരണ പ്രവർത്തനങ്ങളുടെ പിറകിൽ പലപ്പോഴും സംശയകരമായ സംഘങ്ങളും, കള്ളപ്പണം വെളുപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘങ്ങളുമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സർക്കാരിൽ നിന്നുള്ള പ്രത്യേക പെർമിറ്റുകൾ കൂടാതെ ഇത്തരം നിയമവിരുദ്ധമായ ധനസമാഹരണ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ സുരക്ഷാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും പബ്ലിക് പ്രോസിക്യൂഷൻ വെളിപ്പെടുത്തി.

രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ മുതലായവ നടത്തുന്നതിന് ഔദ്യോഗിക സംഘടനകൾക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം നിയമവിരുദ്ധമായ ധനസമാഹരണ പ്രചാരണ പരിപാടികളുടെ ഭാഗമാകരുതെന്ന് പൊതുജനങ്ങളോട് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായി സമാഹരിക്കുന്ന കള്ളപ്പണം വെളുപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി അധികൃതർ ചൂണ്ടിക്കാട്ടി.