സൗദി: 624 പുതിയ പുരാവസ്തു സൈറ്റുകൾ ഹെറിറ്റേജ് കമ്മിഷൻ രജിസ്റ്റർ ചെയ്തു

Saudi Arabia

രാജ്യത്ത് 624 ചരിത്രപ്രധാനമായതും, പുരാവസ്തുപരമായി പ്രാധാന്യമുള്ളതുമായ ഇടങ്ങൾ നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്ററിന് കീഴിൽ സൗദി ഹെറിറ്റേജ് കമ്മിഷൻ പുതിയതായി ഉൾപ്പെടുത്തി. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021-ലെ ആദ്യ മൂന്ന് മാസത്തിനിടെയാണ് ഈ പുതിയ പുരാവസ്തു സൈറ്റുകൾ ഹെറിറ്റേജ് കമ്മിഷൻ രജിസ്റ്റർ ചെയ്തത്. ഇതോടെ സൗദിയിൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പുരാവസ്തുപരമായി പ്രാധാന്യമുള്ള ഇടങ്ങളുടെ എണ്ണം 8176 ആയിട്ടുണ്ട്.

പുതിയതായി രജിസ്റ്റർ ചെയ്ത പുരാവസ്തു സൈറ്റുകളിൽ 38 ഇടങ്ങൾ മക്കയിലും, 5 ഇടങ്ങൾ മദീനയിലും, 48 ഇടങ്ങൾ ഹൈലിലും, 54 ഇടങ്ങൾ അൽ ജൗഫിലും, 52 ഇടങ്ങൾ അസിറിലും, 35 ഇടങ്ങൾ തബൂക്കിലുമാണ് സ്ഥിതിചെയ്യുന്നത്. നോർത്തേൺ ബോർഡേഴ്സ് മേഖലയിൽ 4, റിയാദിൽ 342, ഈസ്റ്റേൺ റീജിയണിൽ 25, ഖാസിമിൽ 18, ജസാനിൽ 3 വീതം പുരാവസ്തു സൈറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹെറിറ്റേജ് കമ്മിഷൻ സി ഇ ഓ ഡോ. ജസീർ അൽ ഹെർബിഷാണ് ഇക്കാര്യം അറിയിച്ചത്.

സൗദിയിലെ ഇത്തരം പൗരാണിക ഇടങ്ങളുടെ ചരിത്രരേഖകൾ കണ്ടെത്തുന്നതിനും, അവയെ ഡിജിറ്റൽ സംവിധാനങ്ങളിലൂടെ കൃത്യമായി രേഖപ്പെടുത്തുന്നതിനുമായാണ് ഈ രജിസ്‌ട്രേഷൻ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. പുരാവസ്തുപരമായി പ്രാധാന്യമുള്ള ഇത്തരം ഇടങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിലും, ഇവയെ ഡിജിറ്റൽ മാപ്പുകളിൽ രേഖപ്പെടുത്തുന്നതിനും, ഇവയുടെ ഡാറ്റാബേസ് നിർമ്മിക്കുന്നതിനും, ഇത്തരം ഇടങ്ങളെ സംരക്ഷിക്കുന്നതിനും നാഷണൽ ആന്റിക്വിറ്റീസ് രജിസ്റ്റർ വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.