സൗദി: VAT പിഴ തുകകൾ ഒഴിവാക്കി നൽകുന്ന നടപടികൾ ജൂൺ 30 വരെ തുടരാൻ തീരുമാനം

GCC News

മൂല്യ വർദ്ധിത നികുതി (VAT) അടയ്ക്കുന്നതിലെ വീഴ്ച്ചകളുമായി ബന്ധപ്പെട്ട പിഴ തുകകൾ ഒഴിവാക്കി നൽകുന്ന നടപടി 2021 ജൂൺ 30 വരെ തുടരാൻ സൗദി ജനറൽ അതോറിറ്റി ഓഫ് സകാത്ത് ആൻഡ് ടാക്സ് (GAZT) തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാന പ്രകാരം, നികുതിദായകർക്ക് VAT നികുതി അടയ്ക്കുന്നതിലെ കാലതാമസം മൂലവും, ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നതിലെ കാലതാമസം മൂലവും ചുമത്തപ്പെടുന്ന പിഴ തുകകൾ ഒഴിവാക്കി നൽകുന്നതാണ്.

VAT നിയമപ്രകാരം ടാക്സ് റിട്ടേൺ ഫയൽ ചെയ്തതിലെ പിഴവുകൾ മൂലം ചുമത്തപ്പെട്ടിട്ടുള്ള പിഴ തുകകളും ഈ തീരുമാനപ്രകാരം ഒഴിവാക്കി നൽകുന്നതാണ്. 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ നികുതി കൃത്യമായും, പൂർണ്ണമായും അടയ്ക്കുന്നവർക്ക് 100 ശതമാനം പിഴതുകകളും ഒഴിവാക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.

2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ നികുതി പൂർണ്ണമായും അടയ്ക്കുന്നവർക്ക് പിഴ തുകകളിൽ 75 ശതമാനം ഇളവ് അനുവദിക്കുന്നതാണ്. 2021 ജൂൺ മാസത്തിൽ നികുതി പൂർണ്ണമായും അടയ്ക്കുന്നവർക്ക് പിഴ തുകകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.