സൗദി: പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനം

GCC News

പ്രത്യേക ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകാൻ തീരുമാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ, കഴിഞ്ഞ വർഷത്തെ പോലെ കർശനമായ പ്രതിരോധ നിബന്ധനകൾ പാലിച്ച് കൊണ്ടായിരിക്കും ഈ വർഷവും ഹജ്ജ് തീർത്ഥാടനം അനുവദിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

മെയ് 9-ന് വൈകീട്ടാണ് സൗദി ഹജ്ജ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ തീർത്ഥാടകരുടെയും, ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക ആരോഗ്യ സുരക്ഷാ നിബന്ധനകളും, കാര്യനിര്‍വ്വഹണ മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ആഗോളതലത്തിലെയും, രാജ്യത്തെയും സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും, അതിനനുസരിച്ചുള്ള സുരക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം പിന്നീട് അറിയിക്കുന്നതാണ്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് COVID-19 വാക്സിനേഷൻ നിർബന്ധമാക്കുന്നതിനെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും, സേവന പ്രവർത്തകർക്കും COVID-19 വാക്സിൻ കുത്തിവെപ്പ് നിർബന്ധമാണെന്ന് സൗദി ആരോഗ്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

COVID-19 പശ്ചാത്തലത്തിൽ, പരിമിതമായ അളവിൽ, ആഭ്യന്തര തീര്‍ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് 2020-ലെ ഹജ്ജ് തീർത്ഥാടനം നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി തീർത്ഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുന്നതിനു മുൻപും, തീർത്ഥാടനത്തിന് ശേഷവും 14 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ തീത്ഥാടകരെ തുടർച്ചയായി നിരീക്ഷിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഇവർക്ക് പ്രത്യേക ഇലക്ട്രോണിക് ബ്രേസ്‌ലെറ്റുകൾ നൽകിയിരുന്നു. ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടും, അതീവ ജാഗ്രതയോടും നടപ്പിലാക്കിയ 2020-ലെ തീർത്ഥാടനത്തിൽ തീർത്ഥാടകർക്കാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളോ, രോഗബാധകളോ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നത് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും മികച്ച പ്രവർത്തനങ്ങൾക്ക് അടിവരയിടുന്നു.