ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് കനത്ത പിഴ ചുമത്തുന്നതിന് സൗദി അധികൃതർ ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് സൗദി റോയൽ കമ്മീഷൻ ഫോർ മെക്ക ആൻഡ് ഹോളി സൈറ്റ്സ് കരട് നിബന്ധനകൾ പുറത്തിറക്കിയിട്ടുണ്ട്. ഈ കരട് പ്രകാരം ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന മുഴുവൻ സേവനദാതാക്കൾക്കും ഹജ്ജ് ട്രാൻസ്പോർട് അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക പെർമിറ്റ് നിർബന്ധമാക്കുന്നതാണ്.
ഇതിന് പുറമെ, ഹജ്ജ് തീർത്ഥാടകർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് 150 റിയാൽ മുതൽ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകളും ഈ കരട് നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്ന സേവനദാതാക്കളുടെ പെർമിറ്റ് താത്കാലികമായി റദ്ദ് ചെയ്യുന്നതിനും അവരെ ഇത്തരം സേവനങ്ങൾ നൽകുന്നതിൽ നിന്ന് മൂന്ന് വർഷത്തേക്ക് മാറ്റി നിർത്തുന്നതിനും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.
അതീവ ഗുരുതരമായ നിയമ ലംഘനങ്ങൾ നടത്തുന്ന സേവനദാതാക്കളുടെ പെർമിറ്റ് ശാശ്വതമായി റദ്ദ് ചെയ്യുന്നതിനുള്ള വ്യവസ്ഥകളും ഈ കരട് നിബന്ധനകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

