വ്യോമ ഗതാഗത മേഖലയിലെ 28 തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 19 ചൊവ്വാഴ്ച്ചയാണ് വ്യോമയാന വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചത്.
ഈ തീരുമാനത്തിലൂടെ അടുത്ത മൂന്ന് വർഷത്തിനിടയിൽ സൗദി പൗരന്മാർക്കിടയിൽ ഏതാണ്ട് 10000-ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ലക്ഷ്യമിടുന്നത്. വ്യോമ ഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റന്റന്റ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓർഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ, കാർഗോ/ ലഗേജ് എന്നിവയുടെ മേൽനോട്ടം, ഫ്ലൈറ്റ് കാറ്ററിങ്ങ് തുടങ്ങിയ തൊഴിലുകളിലാണ് അതോറിറ്റി സ്വദേശിവത്കരണം നടപ്പിലാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.
സൗദിയിലെ സിവിൽ വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്ന സൗദി വിഷൻ 2030-യുടെ ഭാഗമായാണ് സ്വദേശിവത്കരണത്തിനുള്ള ഈ നടപടികൾ. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിക്കാൻ രാജ്യത്തെ വ്യോമയാന മേഖലയിലെ വിവിധ സേവനദാതാക്കൾക്ക് അതോറിറ്റി അറിയിപ്പ് നൽകിയതായാണ് സൂചന.