വിസ നടപടിക്രമങ്ങൾ ലളിതമാക്കിയ തീരുമാനം രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് നൽകിയതായി സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള വിവിധ സഞ്ചാരസൗകര്യങ്ങൾ, വിദേശരാജ്യങ്ങളിൽ നടത്തിയ പ്രചാരണ പരിപാടികൾ എന്നിവയും സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തുന്നതിന് ഇടയാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദി അറേബ്യയിലെ ടൂറിസം മേഖലയുടെ അഭിവൃദ്ധിയെക്കുറിച്ച് ക്യാബിനറ്റിൽ സൗദി ഭരണാധികാരി പ്രകീർത്തിച്ച് കൊണ്ട് നടത്തിയ പരാമർശങ്ങളിൽ നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് ടൂറിസം വകുപ്പ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ സൂചികകൾ പ്രകാരം 2022-ൽ അന്താരാഷ്ട്ര ടൂറിസ്റ്റുകളുടെ എണ്ണത്തിലും, ടൂറിസം മേഖലയിൽ നിന്നുള വരുമാനത്തിലും സൗദി അറേബ്യ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയിലെ ടൂറിസം രംഗത്തിന്റെ സുസ്ഥിര വികസനം മുൻനിർത്തി രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളെ ഏകോപിച്ച് കൊണ്ടുള്ള നയങ്ങൾ തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ആദ്യ മൂന്ന് മാസത്തിനിടയിൽ 8 ദശലക്ഷം വിനോദസഞ്ചാരികൾ സൗദി അറേബ്യ സന്ദർശിച്ചതായി സൗദി ടൂറിസം അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
Cover Image: Saudi Press Agency.