രാജ്യത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകൾ, താഴ്‌വരകൾ എന്നിവ ബോധപൂർവം മുറിച്ച് കടക്കാൻ ശ്രമിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് 5000 മുതൽ 10000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാലുകളും, താഴ്‌വരകളും മുറിച്ച് കടക്കാൻ ശ്രമിക്കുന്നത് സ്വന്തം ജീവന് ഭീഷണിയാകുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവന് അപകടം ക്ഷണിച്ച് വരുത്തുന്ന പ്രവർത്തിയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്തെ ഏതാനം ഇടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിലും, വരും ദിനങ്ങളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുമാണ് അധികൃതർ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ 2022 നവംബർ 29, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം നവംബർ 26-ന് അറിയിച്ചിരുന്നു.
Cover Image: Saudi Press Agency.