സൗദി: പ്രവാസികളുടെ 6 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുടെ വിരലടയാളം നിർബന്ധമായും റെജിസ്റ്റർ ചെയ്യണമെന്ന് ജവാസത്ത്

featured GCC News

സൗദിയിലെ പ്രവാസികളുടെ ആറോ, അതിനു മുകളിൽ പ്രായമുള്ളവരോ ആയ മുഴുവൻ കുട്ടികൾക്കും വിരലടയാളം റെജിസ്റ്റർ ചെയ്യുന്ന നടപടി നിർബന്ധമാണെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) വ്യക്തമാക്കി. രാജ്യത്തെ റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും, യാത്രകൾക്കും ഈ ബയോമെട്രിക് സംവിധാനത്തിലെ റെജിസ്ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളോട്, തങ്ങളുടെ ആറോ, അതിനു മുകളിൽ പ്രായമുള്ളവരോ ആയ കുട്ടികളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യുന്ന നടപടി എത്രയും പെട്ടന്ന് പൂർത്തിയാക്കാനും ജവാസത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, ഇവ പുതുക്കുന്നതിനും, എക്സിറ്റ്, റീ-എൻട്രി വിസകൾ അനുവദിക്കുന്നതിനും ഈ നടപടി പൂർത്തിയാക്കേണ്ടതുണ്ട്.

2015 മുതൽ പ്രവാസികൾക്കും, 15 വയസ്സിന് മുകളിൽ പ്രായമുള്ള അവരുടെ ആശ്രിത വിസകളിലുള്ളവർക്കും വിരലടയാളം റെജിസ്റ്റർ ചെയ്യുന്ന നടപടി ജവാസത്ത് നിർബന്ധമാക്കിയിരുന്നു. പിന്നീട് രാജ്യത്തെ പുരുഷന്മാരും, സ്ത്രീകളുമുൾപ്പടെ ആറ് വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പ്രവാസികൾക്കും വിരലടയാളം റെജിസ്റ്റർ ചെയ്യുന്ന നടപടി നിർബന്ധമാക്കിയതായി ജവാസത്ത് 2020 നവംബറിൽ അറിയിക്കുകയുണ്ടായി. ഇതോടൊപ്പം ആശ്രിത വിസകളിലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാനും ജവാസത്ത് ഡയറക്ടറേറ്റ് അന്ന് പ്രവാസികളോട് നിർദ്ദേശിച്ചിരുന്നു. പ്രവാസികൾക്ക് പുറമെ, സന്ദർശകർ, തീർത്ഥാടകർ തുടങ്ങിയ വിഭാഗങ്ങൾക്കും സൗദിയിൽ ഈ നടപടി നിർബന്ധമാണ്.