സൗദിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർ, യാത്ര ചെയ്യുന്നതിന് മുൻപായി വിദേശരാജ്യങ്ങളിലെ ക്വാറന്റീൻ നിയമങ്ങൾ പരിശോധിച്ചുറപ്പ് വരുത്തണമെന്ന് ആരോഗ്യ അധികൃതർ നിർദ്ദേശിച്ചു. അസിസ്റ്റന്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഫോർ പ്രിവന്റീവ് മെഡിസിൻ ഡോ. അബ്ദുല്ലാഹ് അസിരിയാണ് ഈ നിർദേശം നൽകിയത്.
COVID-19 പശ്ചാത്തലത്തിൽ, ഓരോ രാജ്യങ്ങളിലും ഏർപ്പെടുത്തിയിട്ടുള്ള ക്വാറന്റീൻ നിയമങ്ങളിലും, പ്രവേശന മാനദണ്ഡങ്ങളിലും വലിയ രീതിയിലുള്ള വ്യത്യാസം രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം നിർദ്ദേശിച്ചത്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇത്തരം നിയമങ്ങളിൽ വളരെ പെട്ടന്ന് മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപ് ഇവ സംബന്ധിച്ച് കൃത്യമായി മനസ്സിലാക്കാനും, അവ പിന്തുടരാനും രാജ്യത്തെ നിവാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
മെയ് 17 മുതൽ സൗദിയിൽ നിന്നുള്ള യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കുമെന്ന് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഈ തീയ്യതിക്ക് മുൻപായി മുഴുവൻ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ പൂർത്തിയാക്കാനും അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിച്ച് സൗദിയിൽ വാക്സിനേഷൻ പൂർത്തിയാക്കിയവർക്കും വിദേശരാജ്യങ്ങളിൽ പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീനിൽ തുടരേണ്ടിവരാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് സഞ്ചരിക്കുന്ന യാത്രികർ ‘Tawakkalna’ ആപ്പ് ഉപയോഗിച്ച് കൊണ്ട് രോഗബാധിതരല്ല എന്ന് തെളിയിക്കേണ്ടതാണെന്ന് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) ഏപ്രിൽ 25-ന് അറിയിച്ചിരുന്നു. ‘Tawakkalna’ ആപ്പിൽ ‘COVID-19 രോഗപ്രതിരോധ ശേഷി നേടിയവർ’, ‘COVID-19 രോഗബാധയില്ലാത്തവർ’ എന്നീ രണ്ട് ഹെൽത്ത് സ്റ്റാറ്റസുകളിൽ ഏതെങ്കിലും ഒന്ന് ഉള്ളവർക്ക് മാത്രമേ സൗദിയിലെ വിമാനത്താവളങ്ങളിൽ നിന്ന് ബോർഡിങ്ങ് പാസ് നൽകാവൂ എന്ന് GACA വിമാനകമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്.