2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൗദി അറേബ്യയുടെ 2021-ലെ മൊത്തം ഈന്തപ്പഴ കയറ്റുമതി 1.2 ബില്യൺ സൗദി റിയാൽ (320 മില്യൺ ഡോളർ) രേഖപ്പെടുത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഷികാടിസ്ഥാനത്തിലുള്ള കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതും സൗദി അറേബ്യയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സൗദിയുടെ ഈന്തപ്പഴ കയറ്റുമതി 12.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 113 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്.
എണ്ണ ഇതര കയറ്റുമതി മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സൗദി നേതൃത്വം നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടം ചൂണ്ടികാട്ടുന്നതെന്ന് സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അറിയിച്ചു. ഏതാണ്ട് 7.5 ബില്യൺ റിയാൽ മൂല്യം രേഖപ്പെടുത്തുന്ന ഈന്തപ്പന ഉത്പാദന മേഖല സൗദി അറേബ്യയുടെ കാർഷിക ഉത്പാദനത്തിന്റെ 12 ശതമാനത്തോളം വരുന്നതാണ്.