രോഗികൾക്ക് മുൻകൂർ അനുമതികൾക്കുള്ള ബുക്കിംഗ് ഉൾപ്പടെയുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി ഒരു വാട്സാപ്പ് സംവിധാനം ആരംഭിക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായുള്ള പ്രത്യേക വാട്സാപ്പ് സേവനങ്ങൾ ഉപയോഗിക്കുന്ന ഈ സംവിധാനത്തിലൂടെ രോഗികൾക്ക് വിവിധ സേവനങ്ങൾ സ്വയമേവ തിരഞ്ഞെടുക്കാവുന്നതാണ്.
ഇത്തരം സേവനങ്ങൾക്കായി SEHA നൽകുന്ന ഓൺലൈൻ പോർട്ടൽ, ആപ്പ്, കാൾ സെന്റർ മുതലായ നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമെയാണ് ഈ പുതിയ വാട്സാപ്പ് സംവിധാനം.
02 410 2200 എന്ന വാട്സാപ്പ് നമ്പറിലൂടെ ഈ സേവനം ലഭ്യമാകുന്നതാണ്. SEHA-യിൽ നിന്നുള്ള സേവനങ്ങൾക്കായുള്ള മുൻകൂർ അനുമതികളുമായി ബന്ധപ്പെട്ട 70 ശതമാനം പ്രവർത്തനങ്ങളും സ്വയമേവ നിയന്ത്രിക്കുന്നതിന് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നു.
രോഗികൾക്ക് പുതിയ മുൻകൂർ അനുമതികൾ നേടുന്നതിനും, നിലവിലെ മുൻകൂർ അനുമതികളുടെ വിവരങ്ങൾ അറിയുന്നതിനും, ഇതിൽ നടപടികൾ എടുക്കുന്നതിനും കേവലം രണ്ട് മിനിറ്റ് കൊണ്ട് ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇതിന് പുറമെ SEHA-യുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ അറിയുന്നതിനും, പുതിയ വാർത്തകൾ, അറിയിപ്പുകൾ എന്നിവ ലഭിക്കുന്നതിനും ഈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.