കഴിഞ്ഞ വർഷം 15.3 ദശലക്ഷത്തിലധികം യാത്രികർ ഷാർജ അന്താരാഷ്ട്ര വിമാനതലത്തിലൂടെ സഞ്ചരിച്ചതായി ഷാർജ എയർപോർട്ട് അതോറിറ്റി അറിയിച്ചു. ഷാർജ അൽ മദാമിലെ ബുഹൈസ് ജിയോളജി പാർക്കിൽ വെച്ച് നടന്ന വാർഷിക എയർപോർട്ട് മാനേജ്മന്റ് യോഗത്തിലാണ് വിമാനത്താവളത്തിന്റെ 2023-ലെ പ്രകടനം അതോറിറ്റി വെളിപ്പെടുത്തിയത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ യോഗത്തിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം, 2023-ൽ ഷാർജ എയർപോർട്ട് വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണം 15.3 ദശലക്ഷത്തിലെത്തിയിട്ടുണ്ട്.
2022-ൽ ഇത് 13.1 ദശലക്ഷമായിരുന്നു. യാത്രികരുടെ എണ്ണത്തിൽ 2023
-ൽ 17.4 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഷാർജ വിമാനത്താവളത്തിലൂടെയുള്ള വ്യോമഗതാഗത നിരക്കിലും കഴിഞ്ഞ വർഷം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
2023-ൽ 98,000-ലധികം വിമാനങ്ങളാണ് ഈ എയർപോർട്ട് ഉപയോഗിച്ചത്. 2022-ലെ 87,000 എന്ന കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 12 ശതമാനം വളർച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്. 2023-ൽ ഷാർജ എയർപോർട്ട് വഴി കൈകാര്യം ചെയ്ത മൊത്തം ചരക്ക് അളവ് 141,000 ടണ്ണിൽ കൂടുതലായിട്ടുണ്ട്.
മലേഷ്യയിലെ ക്വാലാലംപൂർ സിറ്റി, റഷ്യയിലെ കസാൻ, സമാര എന്നീ നഗരങ്ങൾ, ഇറാനിലെ ലാർ, ഇന്ത്യയിലെ ഇൻഡോർ, തായ്ലൻഡിലെ ഫുക്കറ്റ്, ബാങ്കോക്ക് എന്നീ നഗരങ്ങൾ എന്നിവയുൾപ്പെടെ ഏഴ് പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജ എയർപോർട്ടിൽ നിന്ന് കഴിഞ്ഞ വർഷം പുതിയതായുള്ള യാത്രാവിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. യുഎസിലെ ഹൂസ്റ്റൺ, റുവാണ്ടയിലെ കിഗാലി, ഇന്ത്യയിലെ നാസിക് എന്നീ നഗരങ്ങളിലേക്ക് കഴിഞ്ഞ വർഷം പുതിയതായി എയർ കാർഗോ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ 62 രാജ്യങ്ങളിലെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷാർജ വിമാനത്താവളത്തിൽ നിന്ന് 33 അന്താരാഷ്ട്ര എയർലൈനുകൾ സർവീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ ഇന്ത്യയിൽ നിന്നാണ് ഷാർജ വിമാനത്താവളത്തിലേക്ക് ഏറ്റവും കൂടുതൽ യാത്രികർ സഞ്ചരിച്ചിരുന്നത്. 3.4 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഇന്ത്യയിൽ നിന്ന് ഷാർജ എയർപോർട്ടിലേക്ക് കഴിഞ്ഞ വർഷം യാത്ര ചെയ്തിരിക്കുന്നത്.
സൗദി അറേബ്യ (1.5 ദശലക്ഷത്തിലധികം യാത്രക്കാർ), പാകിസ്ഥാൻ (1.2 ദശലക്ഷത്തിലധികം യാത്രക്കാർ) എന്നീ രാജ്യങ്ങളാണ് ഷാർജയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ യഥാക്രമം രണ്ടും, മൂന്നും സ്ഥാനത്തുള്ളത്.
WAM