പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്സിന്റെ ഇരുപതാമത് പതിപ്പിന് 2023 മാർച്ച് 1-ന് തുടക്കമായി.
ഷാർജ ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമി ഈ മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി നിരവധി കലാപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
ലിവയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിച്ച കലാരൂപങ്ങൾ, ഹംഗറിയിൽ നിന്നും, ഓസ്ട്രിയയിൽ നിന്നും, ബൾഗേറിയയിൽ നിന്നും, റഷ്യയിൽ നിന്നുള്ള നാഷണൽ ഫോക്ലോർ ബാൻഡുകൾ അവതരിപ്പിച്ച പ്രത്യേക കലാപരിപാടികൾ, എമിറാത്തി നാടോടികലാരൂപങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറി.
‘പൈതൃകവും സര്‍ഗ്ഗവൈഭവവും’ എന്ന ആശയത്തിലൂന്നിയാണ് ഇരുപതാമത് ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. ഷാർജ ഹെറിറ്റേജ് ഡെയ്സ് 2023 മാർച്ച് 1 മുതൽ മാർച്ച് 21 വരെ നീണ്ട് നിൽക്കും.
ഇത്തവണത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സിന്റെ വേദിയിലെത്തുന്ന സന്ദർശകർക്ക് നാല്പത്തിരണ്ട് രാജ്യങ്ങളിൽ നിന്നുള്ള സംസ്കാരം, കലാരൂപങ്ങൾ, രുചിവൈവിധ്യങ്ങൾ, ഉത്പന്നങ്ങൾ എന്നിവ അടുത്തറിയാൻ അവസരം ലഭിക്കുന്നതാണ്. ഷാർജയിലെ ഹെറിറ്റേജ് ഏരിയയിലാണ് ഈ ‘പൈതൃക കാഴ്ചകളുടെ ദിനങ്ങൾ’ ഒരുക്കിയിരിക്കുന്നത്.
Cover Image: Sharjah Media Office.