ഈ വർഷത്തെ പുതുവർഷവുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 31, വെള്ളിയാഴ്ച്ച, 2022 ജനുവരി 1, ശനിയാഴ്ച്ച എന്നീ ദിവസങ്ങളിൽ എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 2021 ഡിസംബർ 30-നാണ് ഷാർജ മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ആഴ്ച്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള (നീല നിറത്തിലുള്ള പാർക്കിംഗ് സൈൻ ബോർഡുകൾ ഉള്ള ഇടങ്ങൾ) ഇടങ്ങളിലൊഴികെ ഈ ഇളവ് ബാധകമാണ്. അവധി ദിനങ്ങളിൽ പിഴ ഒഴിവാക്കുന്നതിനായി പാർക്കിംഗ് ഇടങ്ങൾ കൃത്യമായി ഉപയോഗിക്കാൻ മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. 2022 ജനുവരി 2, ഞായറാഴ്ച്ച മുതൽ പാർക്കിംഗ് ഫീ തിരികെ ഏർപ്പെടുത്തുന്നതാണ്.
2022 ജനുവരി മുതൽ എമിറേറ്റിലെ ഔദ്യോഗിക പ്രവർത്തിദിനങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇനി മുതൽ ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ ദിനവും രാവിലെ 8 മുതൽ രാത്രി 10 വരെ പാർക്കിംഗ് ഫീസ് ഇടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. ആഴ്ച്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് നിർബന്ധമാക്കിയിട്ടുള്ള ഇടങ്ങളിലൊഴികെ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.