എമിറേറ്റിൽ ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകുന്നതായി ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡവലപ്പ്മെന്റ് അതോറിറ്റി (SCTDA) അറിയിച്ചു. കർശനമായ COVID-19 പ്രതിരോധ മുൻകരുതൽ നിബന്ധനകൾക്ക് വിധേയമായാണ് മരുഭൂമിപ്രദേശങ്ങളിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഷാർജ അനുമതി നൽകിയിരിക്കുന്നത്.
ജനുവരി 6-നാണ് SCTDA ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ ടൂറിസം മേഖലയിലെ പ്രവർത്തങ്ങൾ മുഴുവനായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് SCTDA ഡെസേർട്ട് സഫാരി സേവനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്.
എമിറേറ്റിലെ പൊതു സമൂഹത്തിലെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് മാത്രമാണ് ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുക എന്ന് SCTDA ചെയർമാൻ ഖാലിദ് ജാസിം അൽ മിദ്ഫ വ്യക്തമാക്കി. ഇതിനായി, ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായി SCTDA സഹകരണം ഉറപ്പാക്കുന്നതാണ്. ആരോഗ്യ സുരക്ഷ ഉറപ്പാക്കിക്കൊണ്ട്, മഹാമാരിയുളവാക്കിയ പ്രതിസന്ധികളിൽനിന്ന് എമിറേറ്റിലെ ടൂറിസം രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 വ്യാപനം തടയുന്നതിന് ആവശ്യമായ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ മുഴുവൻ സേവനമേഖലകളിലും നൽകിയതായും, ഇവ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി കർശന പരിശോധനകൾ ഉൾപ്പടെയുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഡെസേർട്ട് സഫാരി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റിലെ ഇത്തരം സേവനദാതാക്കൾക്ക് SCTDA പ്രത്യേക പ്രവർത്തന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
- ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളും ഡെസേർട്ട് സഫാരി സേവനദാതാക്കളും, ജീവനക്കാരും കർശനമായി പാലിക്കേണ്ടതാണ്.
- ഡെസേർട്ട് സഫാരിയിൽ പങ്കെടുക്കുന്നവരുടെ ശരീരോഷമാവ് പരിശോധിക്കേണ്ടതാണ്.
- വാഹനങ്ങളിൽ ഭക്ഷണപാനീയങ്ങൾ അനുവദിക്കില്ല.
- ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വാഹനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.
- വാഹനങ്ങൾ ഉൾപ്പടെ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
- വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ പേരെ അനുവദിക്കരുത്.
- ഡെസേർട്ട് സഫാരിയിൽ പങ്കെടുക്കുന്നവർ തമ്മിൽ 2 മീറ്റർ അകലം ഉറപ്പാക്കണം.
- വാഹനങ്ങളിൽ ഉൾപ്പടെ തിരക്ക് ഒഴിവാക്കേണ്ടതാണ്.
- ഡെസേർട്ട് സഫാരിയിൽ പങ്കെടുക്കുന്ന അതിഥികളുടെ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കേണ്ടതാണ്. ആരോഗ്യ പ്രവർത്തകർ ആവശ്യമെങ്കിൽ ഈ വിവരങ്ങൾ ഡെസേർട്ട് സഫാരി സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളിൽ നിന്ന് ശേഖരിക്കുന്നതാണ്. ഡെസേർട്ട് സഫാരിയിൽ പങ്കെടുത്ത സമയം, സഞ്ചരിച്ച സ്ഥലങ്ങൾ, അതിഥിയുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കേണ്ടതാണ്.
- പണമിടപാടുകൾക്ക് ഡിജിറ്റൽ രീതി ഉപയോഗിക്കുക.