അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി 2021 ഓഗസ്റ്റ് 20 മുതൽക്കുള്ള നാല് വെള്ളിയാഴ്ച്ചകളിൽ അൽ ഖസ്ബ ബ്രിഡ്ജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് 19-നാണ് ഷാർജ RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഓഗസ്റ്റ് 20, ഓഗസ്റ്റ് 27, സെപ്റ്റംബർ 3, സെപ്റ്റംബർ 10 എന്നീ വെള്ളിയാഴ്ച്ചകളിലാണ് അൽ ഖസ്ബ ബ്രിഡ്ജ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. എമിറേറ്റിലെ എല്ലാ പാലങ്ങളുടെയും പ്രവർത്തന ശേഷി ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള നയത്തിന്റെ ഭാഗമായാണ് ഈ അറ്റകുറ്റപ്പണികൾ നടപ്പിലാക്കുന്നത്.
“പാലത്തിലെ എക്സ്പാൻഷൻ ജോയിന്റുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ബുഹൈറ ഖാലിദ് കോർണിഷ് സ്ട്രീറ്റ്, അൽ മജാസ് 2 എന്നിവിടങ്ങളിൽ ഇരുവശത്തേക്കും അൽ ഖസ്ബ പാലം പൂർണമായി അടച്ചിടുന്നതാണ്. ഓഗസ്റ്റ് 20, ഓഗസ്റ്റ് 27, സെപ്റ്റംബർ 3, സെപ്റ്റംബർ 10 എന്നീ തീയതികളിലാണ് പാലം അടച്ചിടുന്നത്.”, ഷാർജ RTA വ്യക്തമാക്കി.
Cover Photo: WAM