ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എമിറേറ്റിൽ സംഘടിപ്പിക്കുന്ന ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്ന വ്യാപാരശാലകളിലും, വാണിജ്യകേന്ദ്രങ്ങളിലും വിൽപ്പനയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ഷാർജയിലെ വിവിധ സർക്കാർ-സ്വകാര്യ മേഖല പങ്കാളികളുമായി സഹകരിച്ചാണ് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഈ ഷോപ്പിംഗ് മേള സംഘടിപ്പിക്കുന്നത്. ഈ മേളയുടെ ഭാഗമായി എമിറേറ്റിലുടനീളം ഈ സീസണിൽ ലഭ്യമായ ആകർഷകമായ കിഴിവുകളും ഓഫറുകളും വിൽപ്പനയിലെ ശ്രദ്ധേയമായ വളർച്ചയ്ക്ക് കാരണമായി.
2023 ഡിസംബർ 15-ന് ആരംഭിച്ചത് മുതൽ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് വിവിധ ബ്രാൻഡുകളുടെയും ഉത്പന്നങ്ങളുടെയും വിശാലമായ ശ്രേണിയിൽ ആകർഷകമായ ഡീലുകളും റാഫിൾ അവസരങ്ങളും നൽകി വിദേശികളും, സ്വദേശികളുമായ സന്ദർശകരെ ആകർഷിക്കുന്നു. എമിറേറ്റിലുടനീളമുള്ള ഷോപ്പിംഗ് മാളുകൾ 2024 ജനുവരി 20 വരെ തങ്ങളുടെ ശൈത്യകാല ഓഫറുകളുടെ ഭാഗമായി വൈവിധ്യമാർന്ന തത്സമയ വിനോദങ്ങളും, പ്രൊമോഷണൽ ഇവൻ്റുകളും, ഗണ്യമായ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു.
ഈ സീസണിൽ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മികച്ച വിൽപ്പനയിലൂടെ റീട്ടെയിൽ മേഖലയുടെ വീണ്ടെടുക്കലിന് ഗണ്യമായ സംഭാവന നൽകുന്നതായി ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് ഷത്താഫ് വ്യക്തമാക്കി.
“ഷാർജ ചേമ്പറും പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള തന്ത്രപ്രധാന പങ്കാളികളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിൻ്റെ തെളിവാണ് ഈ വിജയം. എമിറേറ്റിലെ സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കുകയും റീട്ടെയിൽ, ടൂറിസം മേഖലകൾ മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കുടുംബങ്ങളെയും സന്ദർശകരെയും സന്തോഷിപ്പിക്കുന്ന പ്രധാന കിഴിവുകളും വിനോദ പരിപാടികളും അവതരിപ്പിക്കുക മാത്രമല്ല, ഷാർജയുടെ ടൂറിസം മേഖലയിലെ ലാൻഡ്‌മാർക്കുകളും വൈവിധ്യമാർന്ന അവസരങ്ങളും ഉയർത്തിക്കാട്ടുന്നതിലും ഈ മേള നിർണായക പങ്ക് വഹിക്കുന്നു, “, അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ആയിരക്കണക്കിന് വ്യാപാരശാലകൾ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസിൽ പങ്കെടുക്കുന്നുണ്ട്. ഇവർ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിലും അന്താരാഷ്ട്ര ബ്രാൻഡുകളിലും ഡിസ്കൗണ്ടുകൾ, നറുക്കെടുപ്പുകൾ, വിലയേറിയ സമ്മാനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഇതോടൊപ്പം സന്ദർശകർക്കായി സിറ്റി സെൻ്റർ അൽ സാഹിയ, സഹാറ സെൻ്റർ, ഒയാസിസ് മാൾ എന്നിവയുൾപ്പെടെ എമിറേറ്റിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളിലുടനീളം നാടോടി, പൈതൃക കലാരൂപങ്ങൾ അരങ്ങേറുന്നുണ്ട്.
WAM