വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ഷാർജയിൽ വെള്ളി, ശനി, ഞായർ അവധി; ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ

GCC News

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ഷാർജ മീഡിയ ഓഫീസ് അറിയിച്ചു. 2021 ഡിസംബർ 9-ന് വൈകീട്ടാണ് ഷാർജ മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

ഷാർജയിലെ പൊതുമേഖലയിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളി, ശനി, ഞായർ ദിനങ്ങൾ അവധിയായിരിക്കുമെന്നും, ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെയായിരിക്കുമെന്നും ഷാർജ മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ച്ച തോറുമുള്ള വാരാന്ത്യ അവധി മൂന്ന് ദിവസമാക്കുന്നതിനുള്ള ഈ തീരുമാനത്തിന് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ഈ തീരുമാന പ്രകാരം ഷാർജയിലെ പൊതു മേഖലയിലെ ഓഫീസുകൾ തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തിക്കുന്നതാണ്. രാജ്യത്തെ പൊതു മേഖലയിലെ പ്രവർത്തനരീതി ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതിയിലേക്ക് മാറ്റാനുള്ള യു എ ഇ സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഷാർജ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യു എ ഇ സർക്കാർ തീരുമാന പ്രകാരം, ജീവനക്കാരുടെ ഇടയിൽ ഉത്‌പാദനക്ഷമത ഉയർത്തുന്നതിനും, ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ, ജീവിതം എന്നിവ കൂടുതൽ സംതുലിതമായി നിറവേറ്റുന്നതിന് സഹായിക്കുന്നതിനും വാരാന്ത്യത്തിന്റെ ദൈർഘ്യം 3 ദിവസമാക്കി ഉയർത്തുന്നതിന് ഷാർജ അധികൃതർ തീരുമാനിക്കുകയായിരുന്നു.

രാജ്യത്തെ ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷവും, ശനി, ഞായർ എന്നീ ദിവസങ്ങളും അവധിയായിരിക്കുമെന്ന് യു എ ഇ സർക്കാർ ഡിസംബർ 7-ന് അറിയിച്ചിരുന്നു.

തുടർന്ന് മറ്റു എമിറേറ്റുകളിലും ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങളും, വാരാന്ത്യങ്ങളിൽ രണ്ടര ദിവസം അവധിയും നൽകാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചിരുന്നു.

ആഴ്ച്ച തോറും നാല് പ്രവർത്തിദിനങ്ങൾ നടപ്പിലാക്കുന്നതോടെ വാരാന്ത്യങ്ങളിൽ മൂന്ന് ദിവസത്തെ അവധി നൽകുന്ന ആദ്യ എമിറേറ്റായി ഷാർജ മാറുന്നതാണ്.