2021-ലെ റമദാനോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഏതാനം മാനദണ്ഡങ്ങൾ എമിറേറ്റിൽ നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം (ECDMT) അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായാണ് ഈ നിർദ്ദേശങ്ങൾ ECDMT അറിയിച്ചിട്ടുള്ളത്.
മാർച്ച് 9-ന് വൈകീട്ടാണ് ECDMT ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ നിർദ്ദേശപ്രകാരം കുടുംബങ്ങൾ, സ്ഥാപനങ്ങൾ എന്നിവർ സംഘടിപ്പിക്കുന്ന ഇഫ്‌താർ ടെന്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. ഇഫ്‌താർ വിരുന്നിനായി ആളുകൾ കൂട്ടംകൂടുന്നതിനും ECDMT നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
റെസ്റ്ററെന്റുകൾ, പള്ളികൾ, വീടുകൾ എന്നിവയ്ക്ക് മുന്നിൽ ഇഫ്‌താർ ഭക്ഷണപ്പൊതികളോ, ഭക്ഷണമോ വിതരണം ചെയ്യുന്നതിനും നിയന്ത്രണമേർപ്പടുത്തിയിട്ടുണ്ട്. വാഹനങ്ങളിലൂടെയുമുള്ള ഭക്ഷണവിതരണത്തിനും ECDMT നിയന്ത്രണമേർപ്പെടുത്തി. ഇതിന് പുറമെ, പ്രത്യേക വിലക്കിഴിവുകൾ പ്രഖ്യാപിച്ചുള്ള ഇഫ്‌താർ വിരുന്നുകൾക്കും, ഇവ സംബന്ധിച്ചുള്ള പരസ്യങ്ങൾക്കും നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. ഔദ്യോഗിക ചാരിറ്റി സംവിധാനങ്ങളിലൂടെ മാത്രമായിരിക്കും ഇഫ്‌താർ ഭക്ഷണ വിതരണം അനുവദിക്കുന്നതെന്ന് ECDMT വ്യക്തമാക്കി.
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രത്യേക സംഘങ്ങൾ എമിറേറ്റിലുടനീളം പരിശോധനകൾ നടത്തുന്നതാണ്. COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ ECDMT പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. 901എന്ന നമ്പറിലൂടെയോ, covid19@shjpolice.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ പൊതുജനങ്ങൾക്ക് ഇത്തരം നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.
എമിറേറ്റിലെ റമദാൻ ടെന്റുകൾ, ഇഫ്താർ സംഗമങ്ങൾ എന്നിവയ്ക്കുള്ള 2021-ലെ മുഴുവൻ പെർമിറ്റുകളും റദ്ദ് ചെയ്തതായി അജ്‌മാൻ കോർഡിനേറ്റിംഗ് കൗൺസിൽ ഫോർ ചാരിറ്റി വർക്സ് ആൻഡ് എൻഡോവ്മെന്റ്സ് നേരത്തെ അറിയിച്ചിരുന്നു.