എമിറേറ്റിലെ പ്രധാന നഗര പാതകളിൽ ടോൾ ഏർപ്പെടുത്തിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി. 2022 മാർച്ച് 16-ന് വൈകീട്ടാണ് ഷാർജ RTA ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
റോഡുകളിൽ ടോൾ പിരിക്കുന്നത് സംബന്ധിച്ച് ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അടുത്തിടെ കൈക്കൊണ്ട തീരുമാനം ട്രക്കുകൾക്ക് മാത്രമായി ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക തീരുവ പിരിക്കുന്നതുമായി ബന്ധപ്പെട്ടതാണെന്ന് ഷാർജ RTA ലീഗൽ അഫയേഴ്‌സ് വകുപ്പ് ഡയറക്ടർ മുഹമ്മദ് അലി അൽ സാബി വ്യക്തമാക്കി.
എമിറേറ്റിലെ ഏതാനം റോഡുകളിൽ ട്രക്കുകൾക്ക് ടോൾ നിലവിലുണ്ടെന്നും, ഏതാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് പ്രത്യേക എൻട്രി ഫീസ് പിരിക്കാറുണ്ടെന്നും അറിയിച്ച അദ്ദേഹം, ഷാർജയിൽ വാഹനങ്ങൾക്ക് മറ്റൊരു തരത്തിലുള്ള ടോളുകളും നിലവിൽ ഏർപ്പെടുത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ ഏഴ് ടണിലധികം ഭാരമുള്ള ട്രക്കുകൾക്ക് ഷാർജയിൽ അൽ മദം, അൽ സുബൈർ, അൽ ദൈദ് എന്നിവിടങ്ങളിൽ പ്രത്യേക ടോൾ ഗേറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.