എമിറേറ്റിൽ സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലും, ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിലും അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) വഹിക്കുന്ന വലിയ പങ്കിനെ ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം പ്രശംസിച്ചു. EAD-യുടെ ചെയർമാൻ കൂടിയായ അദ്ദേഹം 2022 ജൂൺ 3-ന് ഏജൻസിയുടെ ആസ്ഥാനത്ത് നടത്തിയ പ്രത്യേക സന്ദർശനത്തിനിടയിലാണ് ഇക്കാര്യം അറിയിച്ചത്.
അബുദാബിയുടെ പരിസ്ഥിതി സംരക്ഷണത്തിനായി EAD നടപ്പിലാക്കുന്ന പദ്ധതികൾ, സംരംഭങ്ങൾ, തന്ത്രങ്ങൾ, സാങ്കേതികവിദ്യകൾ മുതലായവ അദ്ദേഹം ഈ സന്ദർശനത്തിന്റെ ഭാഗമായി പരിശോധിച്ചു. യു എ ഇ അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനായി EAD നടപ്പിലാക്കിയ പദ്ധതികളും, നയങ്ങളും ലക്‌ഷ്യം കണ്ടതായി അദ്ദേഹം അറിയിച്ചു.
EAD നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പരിസ്ഥിതി സംബന്ധമായ പദ്ധതികൾ അദ്ദേഹം നേരിട്ട് മനസിലാക്കി. ജൈവവൈവിദ്ധ്യം നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ പ്രയോജനപ്പെടുത്തുന്നത് ഉൾപ്പടെ പരിസ്ഥിതി സംരക്ഷണത്തിനായി EAD ഉപയോഗിക്കുന്ന നൂതന സാങ്കേതിവിദ്യകളെക്കുറിച്ച് അധികൃതർ അദ്ദേഹത്തെ ധരിപ്പിച്ചു.
സസ്യങ്ങളുടെ വിത്തുകൾ ദീർഘകാലത്തേക്ക് സുരക്ഷിതമായി സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് EAD നടപ്പിലാക്കുന്ന പ്ലാന്റ് ജനറ്റിക് റിസോഴ്സ് സെന്റർ പദ്ധതി അദ്ദേഹം അവലോകനം ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനായി EAD ഭാവിയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നയങ്ങളെക്കുറിച്ചും ഹംദാൻ ബിൻ സായിദ് നേരിട്ട് മനസ്സിലാക്കി.
WAM