അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17-ന് ആരംഭിക്കും

featured GCC News

2023-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 17, വെള്ളിയാഴ്ച ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്.

ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി കലാപരിപാടികൾ, സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ അരങ്ങേറുന്നതാണ്. വിവിധ നാഗരികതകൾക്കിടയിൽ സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങൾ കൈമാറുന്നതിനും, ആഗോളതലത്തിൽ എമിറാത്തി പൈതൃകത്തെ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം എന്ന രീതിയിലും ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് വലിയ പ്രാധാന്യമുണ്ട്.

പരമ്പരാഗത വ്യവസായങ്ങളും കരകൗശലവസ്തുക്കളും പ്രതിനിധീകരിക്കുന്ന ജനകീയ പൈതൃകത്തിന്റെ വശങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംയോജിത പൈതൃക ഗ്രാമം ഇത്തവണ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുന്നതാണ്. വിനോദ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ കുടുംബ സൗഹാർദ്ദപരവും വിനോദപരവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതായിരിക്കും ഈ ഹെറിറ്റേജ് വില്ലേജ്.

ഈ വർഷത്തെ ഫെസ്റ്റിവലിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഗണ്യമായ പങ്കാളിത്തം ഉണ്ടായിരിക്കുന്നതാണ്. 114 ദിവസം നീണ്ട് നിൽക്കുന്ന ഫെസ്റ്റിവലിൽ (2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ) ഉടനീളം നിരവധി പ്രവർത്തനങ്ങളും കലകളും പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ജനകീയ നാടൻ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ, വിവിധ സർക്കാർ, സർക്കാരിതര മേഖലകളുടെ പ്രത്യേക പവലിയനുകൾ എന്നിവയും ഈ പ്രദർശനത്തിന്റെ ഭാഗമായിരിക്കും.

യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്. ലോകത്തെമ്പാടുമുള്ള പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും രസകരവും വിനോദവും വിദ്യാഭ്യാസപരവുമായ അന്തരീക്ഷത്തിൽ ഒത്ത് ചേർക്കുന്ന മേഖലയിലെ ഏറ്റവും വലിയ സാംസ്കാരിക, സാമൂഹിക, വിനോദ പരിപാടികളിലൊന്നായി ശൈഖ് സായിദ് ഫെസ്റ്റിവൽ കണക്കാക്കപ്പെടുന്നു.

WAM