അബുദാബി: ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും

GCC News

ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ഇന്ന് (2024 നവംബർ 1, വെള്ളിയാഴ്ച) ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം 2024-2025 നടത്തുന്നത്. 2024 നവംബർ 1 മുതൽ 2025 ഫെബ്രുവരി 28 വരെയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മേളയുടെ ആദ്യ ദിനത്തിൽ സന്ദർശകർക്ക് ഉദ്ഘാടന പരേഡ്, ഓപ്പൺ എയർ സർക്കസ് ഷോകൾ, സമ്മാന വിതരണങ്ങൾ, പരമ്പരാഗത സൈനിക ബാൻഡ് പ്രകടനങ്ങൾ, പൈതൃക, നാടോടി മത്സരങ്ങൾ, ചലനാത്മക കായിക വിനോദ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ആസ്വദിക്കാൻ അവസരം ലഭിക്കുന്നതാണ്.

യു എ ഇയുടെ പൈതൃകം ആഘോഷിക്കുന്ന ഈ മേള “ഹയാകും” (അറബിക് സ്വാഗതം) എന്ന പ്രമേയത്തിൽ ഊന്നിയാണ് ഒരുക്കുന്നത്. 120 ദിവസത്തെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും ഈ ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.

മേളയിലെത്തുന്ന സന്ദർശകർക്ക് അതിഗംഭീരമായ കരിമരുന്ന് പ്രദർശനങ്ങൾ, ഡ്രോൺ ഷോകൾ, എമിറേറ്റ്‌സ് ഫൗണ്ടനിലെ തത്സമയ പ്രകടനങ്ങൾ, ലേസർ ഡിസ്‌പ്ലേകൾ, അൽ വത്ബ ഫ്ലോട്ടിംഗ് മാർക്കറ്റ്, ഫ്ലൈയിംഗ് റെസ്റ്റോറൻ്റ് തുടങ്ങിയ വിവിധ ആകർഷണങ്ങൾ ആസ്വദിക്കുന്നതിന് അവസരം ലഭിക്കുന്നതാണ്.

സന്ദർശകർക്ക് പങ്കെടുക്കുന്ന ഓരോ രാജ്യത്തിൻ്റെയും സംസ്കാരം, ആചാരങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ അനുഭവിക്കുന്നതിനുള്ള അവസരമൊരുക്കുന്ന അന്താരാഷ്ട്ര പവലിയനുകളിലും അതുല്യമായ പ്രകടനങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നതാണ്. നാഷണൽ ആർക്കൈവ്‌സ് ആൻഡ് ലൈബ്രറി, ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഷെയ്ഖ് മൻസൂർ ബിൻ സായിദ് അഗ്രികൾച്ചറൽ എക്‌സലൻസ് അവാർഡ്, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, അബുദാബി മജ്‌ലിസ്, അബുദാബി മജ്‌ലിസ്, അബുദാബി പോലീസ്, അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്, സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, അറേബ്യൻ സലൂക്കി സെൻ്റർ തുടങ്ങിയ സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നതാണ്.

സന്ദർശകർക്ക് മത്സരങ്ങൾ, സമ്മാന നറുക്കെടുപ്പുകൾ, വിലപ്പെട്ട വിവിധ അവാർഡുകൾ എന്നിവയിലും പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ത വിഭവങ്ങൾ വിളമ്പുന്ന മൊബൈൽ ഫുഡ് ട്രക്കുകൾക്കൊപ്പം ജനപ്രിയവും അന്തർദേശീയവുമായ റെസ്റ്റോറൻ്റുകളും ഫെസ്റ്റിവൽ വേദിയിൽ ഒരുക്കിയിട്ടുണ്ട്.

ശൈഖ് സായിദ് ഫെസ്റ്റിവൽ സാധാരണ ദിവസങ്ങളിൽ വൈകീട്ട് 4 മുതൽ മുതൽ അർദ്ധരാത്രി വരെയും വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും വൈകീട്ട് 4 മുതൽ പുലർച്ചെ 1 വരെയും സന്ദർശകരെ സ്വാഗതം ചെയ്യുന്നതാണ്.

27-ൽ പരം രാജ്യങ്ങളിൽ നിന്നുള്ള 30,000-ലധികം പ്രദർശകരും പങ്കാളികളും ഇത്തവണത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. നാല് മാസത്തോളം നീണ്ട് നിൽക്കുന്ന ഈ പൈതൃകോത്സവത്തിന്റെ ഭാഗമായി ആറായിരത്തിലധികം അന്താരാഷ്ട്ര സാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.