ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമം ശുറ കൗൺസിൽ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിന് പുറമെ പ്രവാസികൾക്ക് പുതിയ വിസ അനുവദിക്കുന്നതിനും, നിലവിലെ വിസ പുതുക്കുന്നതിനും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകളും ഈ കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 15-ന് സ്‌പീക്കർ H.E. അഹ്‌മദ് ബിൻ അബ്ദുല്ല ബിൻ സയിദ് അൽ മഹമൂദിന്റെ നേതൃത്വത്തിൽ ചേർന്ന ശുറ കൗൺസിൽ യോഗത്തിലാണ് ഈ കരട് നിയമം ചർച്ച ചെയ്തത്. രാജ്യത്തെ ആരോഗ്യ പരിചരണ സേവന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി തയ്യാറാക്കുന്ന കരട് നിയമത്തിലാണ് ഇത്തരം തീരുമാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ചർച്ചകൾക്ക് ശേഷം ശുറ കൗൺസിൽ ഈ കരട് നിയമം സംബന്ധിച്ച കൂടുതൽ പഠനങ്ങൾക്കായി പബ്ലിക് സർവീസസ് ആൻഡ് യൂട്ടിലിറ്റീസ് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിട്ടുണ്ട്. സമഗ്രമായ വിശകലനങ്ങൾക്ക് ശേഷം കമ്മിറ്റി ഇത് സംബന്ധിച്ച റിപ്പോർട്ട് ശുറ കൗൺസിലിന് മുൻപാകെ സമർപ്പിക്കുന്നതാണ്.
ഫെബ്രുവരി 24-ന് ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ഈ കരട് നിയമത്തിന് അംഗീകാരം നൽകിയിരുന്നു. ക്യാബിനറ്റ് അംഗീകരിച്ച ഈ കരട് നിയമം തുടർനടപടികൾക്കായി ശുറ കൗൺസിലിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു.
പൂർണ്ണമായും സമന്വയിപ്പിച്ചതും, ഉയർന്ന നിലവാരമുള്ളതും, ഫലപ്രദമായതും, സ്ഥായിയായതുമായ ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കുന്നതിനായാണ് ഖത്തറിൽ ഈ പുതിയ നിയമ നിർമ്മാണം. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ ഈ പുതിയ നിയമപ്രകാരം പ്രത്യേക നയപദ്ധതികളും, നടപടികളും, മാനദണ്ഡങ്ങളും പ്രകാരമാണെന്ന് ഉറപ്പുവരുത്തുന്നതാണെന്ന് നേരത്തെ ക്യാബിനറ്റ് യോഗത്തിന് ശേഷം അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി രോഗികളുടെ അവകാശങ്ങൾ, കർത്തവ്യങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കും ആരോഗ്യ പരിചരണ സേവനങ്ങൾ നൽകുന്ന മേഖലയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഖത്തർ പൗരന്മാർക്ക് തികച്ചും സൗജന്യമായി ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ഈ നയത്തിന്റെ ഭാഗമാണ്.
ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാനും ഈ നിയമത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ പ്രവാസികളുടെയും, സന്ദർശകരുടെയും പുതിയ എൻട്രി വിസകൾക്കും, നിലവിലുള്ള വിസകൾ പുതുക്കുന്നതിനും, റെസിഡൻസി പെർമിറ്റുകൾ അനുവദിക്കുന്നതിനും, പ്രവാസികൾക്ക് രാജ്യത്തെ സ്ഥാപനങ്ങളിൽ തൊഴിൽ നൽകുന്നതിനും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കുന്നതാണെന്നാണ് ലഭിക്കുന്ന സൂചന.