ഒമാനിൽ നിന്ന് കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ പുരാതന നാണയ ശേഖരമായ സിനാവ് നിധിയുടെ പുനരുദ്ധാരണ നടപടികൾ പൂർത്തിയായതായി നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ, പുനരുദ്ധാരണ വിഭാഗം അറിയിച്ചു. പുരാതനകാലം മുതൽ ഇന്നുവരെയുള്ള ഒമാനിലെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനുള്ള നാഷണൽ മ്യൂസിയത്തിന്റെ പ്രയത്നങ്ങൾക്ക് അടിവരയിടുന്നതാണ്, ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയ ശേഖരത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ.
നോർത്ത് ഷർഖിയ ഗവർണറേറ്റിലെ, അൽ മുദൈബി വിലായത്തിൽപ്പെടുന്ന സിനാവ് പ്രദേശത്തു നിന്ന് 1979 സെപ്റ്റംബറിലാണ് ഒരു മണ്‍പാത്രത്തിൽ അടക്കം ചെയ്ത നിലയിൽ ഈ നിധിശേഖരം ലഭിച്ചത്. ഹരിതനീലിമയാർന്ന വർണ്ണത്തിലുള്ള, പ്രത്യേക രീതിയിൽ മിനുക്കിയ പുറംഭാഗത്തോട് കൂടിയ ഈ വിശിഷ്ടവും, പുരാതനവുമായ മണ്‍പാത്രം, ഇരു വശങ്ങളിലും പിടികൾ ഉള്ളരീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. സസ്സാനിഡ് കാലഘട്ടത്തിലും, ഇസ്ലാമിക് കാലഘട്ടത്തിലും ഉപയോഗിച്ചിരുന്ന വെള്ളിയിൽ നിർമ്മിച്ച 962 പുരാതന ദിർഹം നാണയങ്ങളാണ് ഈ മണ്‍പാത്രത്തിൽ നിന്ന് ലഭിച്ചത്.
ഈ ശേഖരത്തിലെ ഏറ്റവും പഴക്കമുള്ള നാണയങ്ങൾ, 1400-ൽ പരം വർഷങ്ങൾക്ക് മുൻപ് സസ്സാനിഡ് പേർഷ്യൻ രാജാക്കന്മായിരുന്ന ഹോർമിസിഡ് നാലാമന്റെയും (AD 579–590), അദ്ദേത്തിന്റെ മകൻ ഖോസ്റു രണ്ടാമന്റെയും (AD 590–628) ഭരണകാലഘട്ടത്തിൽ നിന്നുള്ളവയാണ്. ഈ കാലഘട്ടം മുതൽ അബ്ബാസി രാജവംശത്തിലെ മുസ്തഅ്സിം (833-842) ഭരിച്ചിരുന്ന കാലഘട്ടം വരെയുള്ള നാണയങ്ങൾ ഈ ശേഖരത്തിൽ അടങ്ങിയിരിക്കുന്നു.
ഏതാണ്ട് ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലമായാണ് നാഷണൽ മ്യൂസിയത്തിലെ സംരക്ഷണ പുനരുദ്ധാരണ വിഭാഗം ഈ 962 നാണയങ്ങൾ അവയുടെ പഴയകാല പ്രൗഢിയിലേക്ക് തിരികെ കൊണ്ടുവന്നത്. കൊറോണ വൈറസ് സാഹചര്യത്തിൽ നിലവിൽ അടച്ചിട്ടിരിക്കുന്ന നാഷണൽ മ്യൂസിയം, പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് മുതൽ സന്ദർശകർക്കായി സിനാവ് നിധിയിലെ നാണയങ്ങൾ പ്രദർശനത്തിനായി ഒരുക്കുന്നതാണ്.