സൗദി അറേബ്യ: വാരാന്ത്യം വരെ ശക്തമായ മഴയ്ക്ക് സാധ്യത

featured GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 മെയ് 3, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2024 ഏപ്രിൽ 29 മുതൽ മെയ് 3 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മദീന, മക്ക, ജിദ്ദ, ബാഹ, നജ്‌റാൻ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ഇതോടൊപ്പം ശക്തമായ കാറ്റ്, ഇടിമിന്നൽ, ആലിപ്പഴം പൊഴിയൽ എന്നിവ അനുഭവപ്പെടാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പൊതുജനങ്ങളോട് ജാഗ്രത പുലർത്താൻ സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. വെള്ളിയാഴ്‌ച വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടുമെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കിയിട്ടുണ്ട്.

അസീർ, ജസാൻ, ഖാസിം, ജൗഫ്, ഹൈൽ, തബൂക്, നോർത്തേൺ ബോർഡേഴ്സ്, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിലും ഈ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുമെന്ന് സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു. പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, താഴ്വരകൾ സന്ദർശിക്കരുതെന്നും, ജലാശയങ്ങളിൽ നീന്താൻ ഇറങ്ങരുതെന്നും സൗദി സിവിൽ ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.