യു എ ഇയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി വ്യക്തമാക്കി. എന്നെന്നും ഓർക്കാവുന്ന നേട്ടങ്ങൾ കൊണ്ട് അലംകൃതമായ രാജ്യത്തിന്റെ അമ്പത് വർഷത്തെ ശ്രദ്ധേയമായ യാത്രയെ അടയാളപ്പെടുത്തുന്നതായിരിക്കും ഈ ആഘോഷങ്ങളെന്ന് കമ്മിറ്റി കൂട്ടിച്ചേർത്തു.
നവംബർ 13-നാണ് ഷാർജ മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലെ വിവിധ മേഖലകളിൽ 2021 നവംബർ 23 മുതൽ ഡിസംബർ 3 വരെ നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രായവിഭാഗങ്ങളിലുള്ളവർക്കും, വിവിധ ദേശങ്ങളിൽ നിന്നുള്ളവർക്കും ആസ്വദിക്കാനാകും വിധത്തിലുള്ള പരിപാടികളാണ് യു എ ഇയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി ഷാർജയിലെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും അരങ്ങേറുന്നത്. ഈ ആഘോഷപരിപാടികൾ ഖോർഫക്കാൻ ആംഫി തീയറ്റർ, ഷാർജ നാഷണൽ പാർക്ക്, അൽ മജാസ് ആംഫി തീയറ്റർ, ദിബ്ബ അൽ ഹിസനിലെ അൽ ഹിസ്ൻ ഐലൻഡ്, അൽ മദാം മുനിസിപ്പാലിറ്റി, അൽ ഹംരിയ ഹെറിറ്റേജ് വില്ലേജ്, കൽബ കോർണിഷ് പാർക്ക്, അൽ ദൈദ് ഹെറിറ്റേജ് വില്ലേജ് തുടങ്ങിയ ഇടങ്ങളിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.
![](http://pravasidaily.com/wp-content/uploads/2021/11/sharjah-uae-national-day-celebrations-nov-14-2021b.jpg)
“1971 മുതൽ അമ്പത് വർഷത്തിനിടയിൽ നമ്മുടെ രാജ്യം കൈവരിച്ച എല്ലാവർക്കും മാതൃകയാക്കാവുന്ന നേട്ടങ്ങൾ അത്യന്തം അഭിമാനത്തോടെയാണ് ഞങ്ങൾ ആഘോഷിക്കുന്നത്. രാജ്യത്തിന്റെ അമ്പത് വർഷത്തെ നേട്ടങ്ങളിലേക്ക് തിരിഞ്ഞ് നോക്കുന്നതോടൊപ്പം, ഈ ആഘോഷങ്ങളിലൂടെ അടുത്ത അമ്പത് വർഷത്തിനിടയിൽ യു എ ഇയെ ആഗോളതലത്തിൽ തന്നെ ഉന്നത സ്ഥാനം അലങ്കരിക്കുന്ന ഒരു രാഷ്ട്രമാക്കുന്നതിനും, രാജ്യത്തിന്റെ ഭരണാധികാരികളുടെ ദർശനങ്ങൾ സഫലീകരിക്കുന്നതിനുമുള്ള ഊർജ്ജം സംഭരിക്കുന്നതിനും നമ്മൾ ലക്ഷ്യമിടുന്നു.”, ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ വ്യക്തമാക്കി.
ഈ ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം നവംബർ 23-ന് എമിറേറ്റിലെ ഈസ്റ്റേൺ എൻക്ലേവിൽ വെച്ച് നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി പരമ്പരാഗത എമിറാത്തി സംഗീത പരിപാടികൾ, നൃത്ത പരിപാടികൾ മുതലായവ സംഘടിപ്പിക്കുന്നതാണ്. ഇതോടൊപ്പം ഒരു പ്രത്യേക ഹോട്ട് എയർ ബലൂൺ ഈ പൈതൃക നഗരത്തിന് മുകളിലൂടെ പറത്തുന്ന ചടങ്ങും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, സംഗീതമേളകൾ, കായികാഭ്യാസപ്രകടനങ്ങള്‍, നാടക പ്രദർശനങ്ങൾ മുതലായവയും സന്ദർശകർക്കായി ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
![](http://pravasidaily.com/wp-content/uploads/2021/11/sharjah-uae-national-day-celebrations-nov-14-2021d.jpg)
നവംബർ 25-ന് അൽ മദാം സിറ്റിയിലെത്തുന്ന സന്ദർശകർക്കായി പ്രമുഖ കലാകാരന്മാരും, അറബ് കവികളുമൊരുക്കുന്ന പ്രത്യേക സംഗീത പരിപാടികൾ, കാവ്യമേളകൾ മുതലായവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. അൽ മദാം നഗരത്തെക്കുറിച്ചുള്ള മികച്ച വീഡിയോ ദൃശ്യം ഒരുക്കുന്ന സന്ദർശകർക്ക് പ്രത്യേക സമ്മാനങ്ങൾ നേടുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
അൽ ഹംരിയ ഹെറിറ്റേജ് വില്ലേജിൽ എമിറാത്തി നാവിക പൈതൃകത്തെ എടുത്ത് കാണിക്കുന്ന പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി സന്ദർശകർക്ക് വിവിധ പരിപാടികൾ, വർക്ക്ഷോപ്പുകൾ, സംഗീത പരിപാടികൾ മുതലായവയും ആസ്വദിക്കാവുന്നതാണ്. അതേ ദിവസം തന്നെ സിറ്റി സെന്ററിൽ നിന്ന് അൽ ഹിസ്ൻ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന യു എ ഇ കൊടിമരം വരെ ഒരു പ്രത്യേക നാഷണൽ മാർച്ച് സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
നവംബർ 26-ന് കൽബ കോർണിഷ് പാർക്കിൽ ക്ലാസിക് കാറുകളുടെയും, ബൈക്കുകളുടെയും ഒരു പ്രത്യേക പ്രദർശനം ഉണ്ടായിരിക്കുന്നതാണ്. ഇതേ തുടർന്ന് ഒരു കരിമരുന്ന് പ്രയോഗവും ഉണ്ടായിരിക്കുന്നതാണ്. സന്ദർശകർക്ക് അയാല കലാകാരൻമാർ ഒരുക്കുന്ന എമിറാത്തി നാടോടിഗാനങ്ങളുടെ പ്രദർശനവും ആസ്വദിക്കാവുന്നതാണ്.
![](http://pravasidaily.com/wp-content/uploads/2021/11/sharjah-uae-national-day-celebrations-nov-14-2021c.jpg)
നവംബർ 29 മുതൽ ഡിസംബർ 3 വരെ ഷാർജ നാഷണൽ പാർക്കിൽ പ്രത്യേക വിനോദ പരിപാടികൾ, പരമ്പരാഗത ഭക്ഷ്യമേള തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ്. നാടോടി നൃത്ത പരിപാടികൾ, കലാപരിപാടികൾ, ടൂറിസ്റ്റുകൾക്കായുള്ള ടൂറുകൾ, മത്സരങ്ങൾ, പരമ്പരാഗത കളികൾ തുടങ്ങി ഇരുപതോളം വ്യത്യസ്ത പരിപാടികളാണ് ഇവിടെ എത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്. നവംബർ 29 മുതൽ ഡിസംബർ 1 വരെ അൽ ദൈദ് സിറ്റിയിൽ പ്രത്യേക അറബ് കവിതാ പാരായണ പരിപാടികൾ, പരമ്പരാഗത സംഗീത പരിപാടികൾ എന്നിവ ഉണ്ടായിരിക്കുമെന്നും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത എമിറാത്തി ഗായകരായ ഫയെസ് അൽ സയീദ്, ബൽഖീസ്, ഹുസൈൻ അൽ ജസ്സ്‌മി എന്നിവർ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടികളും ഈ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുന്നതാണ്. ഡിസംബർ 1-ന് ഖോർഫക്കാൻ ആംഫി തീയറ്ററിൽ ഫയെസ് അൽ സയീദ്, ബൽഖീസ് എന്നവർ ചേർന്ന് പ്രത്യേക സംഗീത വിരുന്ന് അവതരിപ്പിക്കുന്നതാണ്. ഫൈസൽ അൽ ജസീം, മുഹമ്മദ് അൽ മെൻഹാലി, അൽമാസ് എന്നിവരോടൊപ്പം ഹുസൈൻ അൽ ജസ്സ്‌മി തന്റെ തനത് ശൈലിയിൽ അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ ഡിസംബർ 3-ന് അൽ മജാസ് ആംഫി തീയറ്ററിൽ വെച്ചാണ് നടത്തുന്നത്.
യു എ ഇയുടെ അമ്പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഔദ്യോഗിക ചടങ്ങ് 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ നടക്കുമെന്ന് യു എ ഇ സുവർണ ജൂബിലി ആഘോഷ കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്.
WAM