മൂന്ന് വയസ് മുതലുള്ള കുട്ടികൾക്ക് വിക്ടേഴ്‌സ് ചാനലിലൂടെ ‘കിളിക്കൊഞ്ചൽ’ എന്ന പ്രത്യേക പരിപാടി

Kalaa Sadassu

ജൂലൈ ഒന്നു തൊട്ട്, രാവിലെ എട്ടു മുതൽ 8.30 വരെ വിക്ടേഴ്‌സ് ചാനൽ വഴി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി ‘കിളികൊഞ്ചൽ’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുന്നതാണ്. ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ ‘കിളികൊഞ്ചൽ’ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. സംസ്ഥാനത്ത് കോവിഡ് 19 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി 3 വയസ് മുതൽ 6 വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികൾ വീടുകളിൽ മാത്രമായി ഒതുങ്ങി കൂടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്.

മൊബൈൽ ഫോണിന്റെയും കാർട്ടുണുകളുടെയും അമിത ഉപയോഗവും മറ്റ് കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ സാധിക്കാതെ വരുന്നതും ഇവർക്ക് മാനസിക/ശാരീരിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഈ സാഹചര്യം തരണം ചെയ്യുന്നതിനും ഇത് സഹായിക്കും. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ തയ്യാറാക്കിയ ഈ പരിപാടി കുഞ്ഞുങ്ങൾക്കൊപ്പമിരുന്നു കാണുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കളുടെയും പൊതു ജനങ്ങളുടെയും സവിശേഷ ശ്രദ്ധ ഉണ്ടാകണം.

പ്രീ സ്‌കൂൾ പ്രവർത്തനങ്ങൾ തടസപ്പെട്ടിരിക്കുന്ന അങ്കണവാടി കുട്ടികൾക്ക് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ അവ തുടരുന്നതിന് മാർഗ നിർദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ വീടുകളിൽ എത്തിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരികയാണ്.