യു എ ഇയിലെ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും ശുചീകരണ നടപടികളും, ഇന്ന് (മെയ് 20, ബുധനാഴ്ച്ച) മുതൽ വൈകീട്ട് 6-നു ആരംഭിക്കും. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ ആയിരിക്കും ഇത് നടപ്പിലാക്കുക. യു എ ഇയിലെ എല്ലാ വ്യാവസായിക മേഖലകളിലും ഈ തീരുമാനം ബാധകമാണ്. ആഭ്യന്തര മന്ത്രാലയവും, മാനവ വിഭവശേഷി മന്ത്രാലയവും സംയുക്തമായാണ് ഈ വിവരം അറിയിച്ചത്.
മെയ് 20 മുതൽ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതായി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യവസായ മേഖലകളിൽ ഒഴികെ ഈ നടപടികൾ രാത്രി 8 മുതൽ രാവിലെ 6 വരെ ആയിരിക്കും നടപ്പിലാക്കുക. ശുചീകരണ നടപടികളുടെ സമയത്ത് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും, അടിയന്തിര ആവശ്യങ്ങൾക്കൊഴികെ ജനങ്ങൾ താമസസ്ഥലങ്ങളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സമയക്രമങ്ങളിലെ ഈ മാറ്റങ്ങൾ ബാധകമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.