സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് ഡ്രൈവ് ചെയ്യാൻ അനുമതി ലഭിക്കുമെന്ന് സൗദി പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. ഇത്തരം യാത്രികർക്ക്, സൗദിയിലെത്തുന്ന സന്ദർശകർക്ക് റെന്റ്-എ-കാറുകൾ ഉപയോഗിക്കുന്നതിന് ലഭിക്കുന്ന അനുമതിയാണ് നൽകുന്നത്.
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ‘അബ്ഷേർ ബിസിനസ്’ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഈ അനുമതി നേടാവുന്നതാണ്. കാർ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസയിൽ സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കാവുന്നതാണ്.
ഇത്തരം യാത്രികർക്ക് ഈ അനുമതി ലഭിക്കുന്നതിനായി സൗദി അറേബ്യയിലെ ട്രാഫിക് ഡിപ്പാർട്മെന്റ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.
സൗദി അറേബ്യയിലൂടെ സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്ക് എൻട്രി വിസ നേടുന്നതിനുള്ള ഒരു ഇ-സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം 2023 ജനുവരി 30-ന് അറിയിച്ചിരുന്നു.
സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന ട്രാൻസിറ്റ് യാത്രികർക്ക് സ്റ്റോപ്പ്-ഓവർ ട്രാൻസിറ്റ് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വ്യക്തമാക്കിക്കൊണ്ട് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്) പിന്നീട് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
Cover Image: Saudi Press Agency.