സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ വെച്ച് സംഘടിപ്പിക്കുന്ന സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കും. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.
സൗത്ത് അൽ ശർഖിയ ഗവർണറുടെ ഓഫീസ്, മറ്റു സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഈ മേള സംഘടിപ്പിക്കുന്നത്. 2024-ലെ അറബ് ടൂറിസം കാപിറ്റലാണ് സുർ.
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ സുർ വിലായത്തിലുള്ള മോഖ ബീച്ചിൽ വെച്ചാണ് സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവൽ നടത്തുന്നത്. 2024 ഓഗസ്റ്റ് 18, ഞായറാഴ്ച ആരംഭിക്കുന്ന ഈ മേള ഓഗസ്റ്റ് 28 വരെ നീണ്ട് നിൽക്കും.
സൗത്ത് അൽ ശർഖിയ ഗവർണറേറ്റിന്റെയും, സുർ മേഖലയുടെയും ടൂറിസം സാധ്യതകൾ എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടാണ് ഈ മേള ഒരുക്കുന്നത്. ഈ മേഖലയുടെ സാംസ്‌കാരിക പൈതൃകം, ചരിത്രപരമായ നാവിക പ്രാധാന്യം എന്നിവ ഈ മേള സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്നതാണ്.
പ്രാദേശിക സന്ദർശകരെയും, വിദേശ സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്. ഒമാൻ സെയിൽ സംഘടിപ്പിക്കുന്ന ഒമാൻ സെയ്‌ലിംഗ് ചാംപ്യൻഷിപ് 2024 ഈ മേളയുടെ ഭാഗമായി നടക്കുന്നതാണ്.
ഇതിന് പുറമെ കൈറ്റ്സർഫിങ് റേസ്, സ്വിമ്മിങ് റേസ്, പരമ്പരാഗത തുഴച്ചിൽ വഞ്ചികളുടെ റേസ് തുടങ്ങിയവയും, കരകൗശലവസ്തുക്കളുടെ ചന്ത, ഭക്ഷണശാലകൾ, കലാപരിപാടികൾ തുടങ്ങിയവയും സുർ മാരിടൈം സ്പോർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കുന്നതാണ്. ദിനവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകീട്ട് 3 മണിമുതൽ വൈകീട്ട് 6 മണിവരെയുമാണ് ഈ മേള സംഘടിപ്പിക്കുന്നത്.
Cover Image: Oman News Agency.