ജൂലൈ 17 മുതൽ എമിറേറ്റിലെ ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ സന്ദർശകർക്കായി തുറന്ന് കൊടുത്തു. ഇത് സംബന്ധിച്ച് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളാണ് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം നൽകിയിട്ടുള്ളത്.
ഹോട്ടലുകളിലെ നീന്തൽക്കുളങ്ങൾ പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ:
- നീന്തൽക്കുളങ്ങളിലെ ജലത്തിന്റെ നിലവാരം പരിശോധിച്ച് സുരക്ഷ ഉറപ്പാക്കേണ്ടതാണ്.
- ജീവനക്കാർ, നീന്തൽ പരിശീലകർ, ലൈഫ് ഗാർഡ് മുതലായവർക്ക് ഇവ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനു മുൻപായി COVID-19 പരിശോധന നടത്തേണ്ടതാണ്. തുടർന്ന് ഓരോ രണ്ടാഴ്ചയും ഇവർക്ക് രോഗമില്ലാ എന്ന ഉറപ്പാക്കുന്നതിനായി പരിശോധന നടത്തേണ്ടതാണ്.
- സന്ദർശകർ, ജീവനക്കാർ മുതലായവർക്കെല്ലാം ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്.
- രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർക്ക് ഹോട്ടൽ പരിസരങ്ങളിലേക്ക് പ്രവേശനം നൽകരുത്.
- പരമാവധി ശേഷിയുടെ 50 ശതമാനം സന്ദർശകർക്ക് മാത്രമായിരിക്കും, ഒരേ സമയം നീന്തൽക്കുളങ്ങളിലേക്ക് പ്രവേശനം നൽകാൻ അനുമതി. ഒരേ സമയം അനുവദനീയമായ സന്ദർശകരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്.
- സന്ദർശകർ, പരിശീലകർ മുതലായവർ തമ്മിൽ എല്ലാ സമയവും 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്. ഇത് സംബന്ധിച്ച അറിയിപ്പുകൾ, അടയാളങ്ങൾ എന്നിവ പ്രദർശിപ്പിക്കേണ്ടതാണ്.
- സന്ദർശകർ, ജീവനക്കാർ എന്നിവർക്ക് പൂളിൽ പ്രവേശിക്കുന്ന സമയങ്ങളിൽ ഒഴികെ എല്ലാ സമയവും മാസ്കുകൾ നിർബന്ധമാണ്.
- കൃത്യമായ അണുനശീകരണ സംവിധാനങ്ങൾ ഉറപ്പാക്കിക്കൊണ്ട് മാത്രമേ ലോക്കർ മുറികൾ, ഷവർ സംവിധാനങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയുള്ളൂ.
- സാനിറ്റൈസറുകളുടെ ലഭ്യത ഉറപ്പാക്കേണ്ടതാണ്.
- ഇത്തരം കേന്ദ്രങ്ങളിൽ പണമിടപാടുകൾ കഴിയുന്നതും ഡിജിറ്റൽ രീതിയിൽ നടത്തേണ്ടതാണ്.