ഒമാൻ: രാജ്യത്തെ ഏറ്റവും ഉയരമേറിയ കൊടിമരം ഉദ്ഘാടനം ചെയ്തു

GCC News

ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം മസ്കറ്റ് മുനിസിപ്പാലിറ്റി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2025 മെയ് 23, വെള്ളിയാഴ്ചയാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ കൊടിമരം ഉദ്ഘാടനം ചെയ്തത്.

മസ്‌കറ്റിലെ അൽ ഖുവൈർ സ്ക്വയറിലാണ് ഈ കൊടിമരം സ്ഥിതി ചെയ്യുന്നത്. 126 മീറ്റർ ഉയരമുള്ള ഈ കൊടിമരം ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരവും, ഏറ്റവും ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയുമാണ്.

മസ്കറ്റ് ഗവർണർ H.E. സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദിയുടെ രക്ഷാകർത്തൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മസ്കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ H.E. അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ ഹുമൈദി പങ്കെടുത്തു.

Source: Oman News Agency.

മിനിസ്ട്രീസ് ഡിസ്ട്രിക്റ്റിൽ പുതിയതായി ഒരുക്കിയിട്ടുള്ള അൽ ഖുവൈർ സ്ക്വയർ തുറന്ന് കൊടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ഉദ്ഘാടനം. പൊതുജനങ്ങൾക്ക് വിനോദത്തിനും, സാംസ്കാരിക പരിപാടികൾക്കുമായാണ് 18000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലുള്ള അൽ ഖുവൈർ സ്ക്വയർ എന്ന ആകർഷകമായ പൊതു ഇടം ഒരുക്കിയിരിക്കുന്നത്.

Source: Oman News Agency.

ജിൻഡാൽ സ്റ്റീലുമായി ചേർന്ന് സഹകരിച്ചാണ് അൽ ഖുവൈർ സ്‌ക്വയറിൽ 10 ദശലക്ഷം ഡോളർ ചെലവ് വരുന്ന ഈ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. ഏതാണ്ട് 135 ടൺ സ്റ്റീലാണ് ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

Source: Oman News Agency.

18 മീറ്റർ നീളവും, 31.5 മീറ്റർ വീതിയുമുള്ള ഒരു ഒമാൻ ദേശീയ പതാകയാണ് ഈ കൊടിമരത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ കൊടിമരത്തിന്റെ അടിത്തറയിൽ 2800 മില്ലീമീറ്ററും, മുകൾഭാഗത്ത് 900 മില്ലീമീറ്ററും പുറം വ്യാസമുണ്ട്.

ഈ കൊടിമരത്തിന്റെ അഗ്രഭാഗത്തായി ഒരു എയർക്രാഫ്റ്റ് വാണിംഗ് ലൈറ്റ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഒമാൻ എന്ന രാജ്യത്തിന്റെ ഒത്തൊരുമ, പുരോഗതി, അഭിലാഷം എന്നിവയുടെ പ്രതീകമാണ് ഈ കൊടിമരം.