യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്നവർ വിവിധ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേനൽക്കാല യാത്രികരുടെ എണ്ണം കൂടിയതോടെ കുവൈറ്റിലേക്കും, കുവൈറ്റിൽ നിന്ന് വിദേശത്തേക്കും യാത്ര ചെയ്യുന്നവർ ഈ ആപ്പിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നതായാണ് സൂചന.
ഈ ആപ്പിന്റെ ഉപയോഗത്തിൽ നേരിടുന്ന സാങ്കേതിക തടസങ്ങളെക്കുറിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കുവൈറ്റിലെ ഏതാനം പാർലിമെന്റ് അംഗങ്ങളും ഇത്തരം സാങ്കേതിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഈ ആപ്പ് നിർബന്ധമാക്കുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്.
കുവൈറ്റിന് പുറത്തുള്ളവർക്ക് കുവൈറ്റ് മുസാഫിർ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നതിലും, ഉപയോഗിക്കുന്നതിലും തടസം നേരിടുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം കുവൈറ്റിലേക്കുള്ള യാത്രകൾ മുടങ്ങിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കുവൈറ്റിന് പുറത്തുള്ളവർ, യാത്ര ചെയ്യുന്നതിനായി കുവൈറ്റ് മുസാഫിർ ആപ്പ് ഉപയോഗിക്കുന്ന അവസരത്തിൽ അനുഭവപ്പെടുന്ന വിവിധ ബുദ്ധിമുട്ടുകൾ വിശകലനം ചെയ്തതായി ജൂലൈ 21-ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്നെത്തുന്ന യാത്രികർക്ക് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ തുടരുമെന്നും കുവൈറ്റ് DGCA അറിയിച്ചിരുന്നു.
ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും, ഈ ആപ്പിലൂടെയുള്ള രജിസ്‌ട്രേഷൻ കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർക്ക് നിർബന്ധമാണെന്നും DGCA വ്യക്തമാക്കി. കൂടുതൽ മികച്ച ഒരു ആപ്പ് കണ്ടെത്തുന്ന സാഹചര്യത്തിൽ കുവൈറ്റ് മുസാഫിർ ആപ്പ് ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും DGCA കൂട്ടിച്ചേർത്തു.
വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും മുൻപായി കുവൈറ്റ് മുസാഫിർ ആപ്പിലെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനായാണ് DGCA കുവൈറ്റ് മുസാഫിർ ആപ്പ് പുറത്തിറക്കിയത്. വിമാന യാത്രകൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും, മെഡിക്കൽ സംബന്ധമായ വിവരങ്ങൾ മുൻകൂട്ടി നൽകുന്നതിനും, ആരോഗ്യ സുരക്ഷ സംബന്ധമായ നടപടികൾ പൂർത്തിയാക്കുന്നതിനും യാത്രികർക്ക് ഈ ആപ്പിലെ രജിസ്ട്രേഷനിലൂടെ സാധിക്കുന്നതാണ്.