ഒമാൻ: കർഫ്യു വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്നവർ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണം

Oman

ഒമാനിലെ രാത്രികാല കർഫ്യു നിയന്ത്രണങ്ങളുടെ വേളയിൽ വിമാനത്താവളങ്ങളിലേക്ക് സഞ്ചരിക്കുന്ന വ്യോമയാത്രികർ ചെക്ക്പോയിന്റുകളിൽ പരിശോധനകൾക്കായി വിമാന ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൈവശം കരുതണമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്നതിനായി കർഫ്യു വേളയിൽ എയർപോർട്ടിലേക്ക് സഞ്ചരിക്കുന്നവർക്കായി പുറത്തിറക്കിയ ഒരു പ്രത്യേക അറിയിപ്പിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

“രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്ന് കർഫ്യു നിലനിൽക്കുന്ന മണിക്കൂറുകളിൽ വ്യോമയാന സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർ, കർഫ്യു നിയന്ത്രണങ്ങൾ കണക്കിലെടുത്ത് എയർപോർട്ടിൽ നേരത്തെ എത്തേണ്ടതില്ല. ഇത്തരം യാത്രികർക്ക് വിമാനത്തവളത്തിലേക്ക് സാധാരണയിലും നേരത്തെ പ്രവേശനം നൽകുന്നതല്ല. ഇത്തരം യാത്രികർക്ക് കർഫ്യു വേളയിൽ വിമാനത്തവളത്തിലേക്ക് സഞ്ചരിക്കുന്നതിന് റോയൽ ഒമാൻ പോലീസ്, ഒമാൻ എയർപോർട്ട്സ് എന്നിവർ സംയുക്തമായി നിബന്ധനകളോടെ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ എയർപോർട്ടിലേക്ക് സഞ്ചരിക്കുന്നവർ വിമാന ടിക്കറ്റ് (പ്രിന്റ് അല്ലെങ്കിൽ ഇ-കോപ്പി), തിരിച്ചറിയൽ രേഖ എന്നിവ റോഡുകളിലെ ചെക്ക്പോയിന്റുകളിൽ പരിശോധനകൾക്കായി നൽകുന്നതിനായി കൈവശം കരുതേണ്ടതാണ്. കർഫ്യു വേളയിൽ ഇത്തരം വ്യോമയാത്രികരെ വിമാനത്താവളത്തിലേക്കെത്തിക്കാനും, വിമാനത്താവളങ്ങളിൽ നിന്ന് കൊണ്ട് വരുന്നതിനുമായി ഒരാൾക്ക് മാത്രം ഇവരോടൊപ്പം സഞ്ചരിക്കാവുന്നതാണ്.”, ഒമാൻ എയർപോർട്ട്സ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.

യാത്രികരെ എയർപോർട്ടിലെത്തിക്കാനും, എയർപോർട്ടിൽ നിന്ന് യാത്രികരെ കൊണ്ട് വരുന്നതിനുമായി സഞ്ചരിക്കുന്നവർക്ക്, വിമാനടിക്കറ്റിന്റെ കോപ്പി ഹാജരാക്കുന്ന പക്ഷം, കർഫ്യു വേളയിൽ യാത്ര ചെയ്യുന്നതിന് അനുമതി നൽകുമെന്ന് റോയൽ ഒമാൻ പോലീസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.