സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രികർ, രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ തങ്ങളുടെ കൈവശം 60000 റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളോ, കറൻസിയോ ഉണ്ടെങ്കിൽ, അവയുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കണമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. സൗദി അറേബ്യയിലേക്ക് വിദേശത്ത് നിന്ന് പ്രവേശിക്കുന്നവരും, സൗദിയിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുമായ മുഴുവൻ യാത്രികർക്കും ഈ നിബന്ധന ബാധകമാണ്.
2022 ജൂലൈ 13-ന് രാത്രിയാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. അറുപതിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കളുമായി യാത്ര ചെയ്യുന്നവർ ബന്ധപ്പെട്ട അധികൃതർക്ക് ഇവയുടെ വിവരങ്ങൾ അടങ്ങിയ ഒരു സത്യവാങ്ങ്മൂലം നൽകേണ്ടതാണ്.
അറുപതിനായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള കറൻസി നോട്ടുകൾ, മറ്റു വസ്തുക്കൾ എന്നിവയെല്ലാം സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ വെളിപ്പെടുത്തേണ്ടതാണെന്നും, എല്ലാ രീതിയിലുമുള്ള യാത്രികർക്കും (സ്വകാര്യ വാഹനങ്ങൾ, പൊതു ഗതാഗത വാഹനങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്ന) ഇത് ബാധകമാണെന്നും പ്രോസിക്യൂഷൻ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നാണയങ്ങൾ, കൈമാറ്റം ചെയ്യാവുന്ന വസ്തുക്കൾ, വിദേശ കറൻസി, സ്വർണ്ണക്കട്ടികൾ, വിലപിടിച്ച ലോഹങ്ങൾ, വിലപിടിച്ച രത്നക്കല്ലുകൾ, ആഭരണങ്ങൾ മുതലായവയെല്ലാം ഈ നിബന്ധനയുടെ കീഴിൽ വരുന്നതാണ്.
ഇത്തരം വസ്തുക്കൾ കൈവശം കരുതുകയോ, ഷിപ്പിംഗ് അല്ലെങ്കിൽ മറ്റു ഗതാഗത സംവിധാനങ്ങൾ, പോസ്റ്റൽ സംവിധാനങ്ങൾ എന്നിവയിലൂടെ അയക്കുകയോ ചെയ്യുന്നവർ ഇത് സംബന്ധിച്ച സത്യവാങ്ങ്മൂലം സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയിൽ സമർപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഇത്തരം വസ്തുക്കളുമായി ബന്ധപ്പെട്ട മറ്റു അധിക വിവരങ്ങൾ, ഇവയുടെ ഉറവിടം എന്നിവ അന്വേഷിക്കുന്നതിന് സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയ്ക്ക് അവകാശമുണ്ടായിരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ, മറ്റു കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇത്തരം വസ്തുക്കളെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർക്ക് ഇത്തരം വസ്തുക്കൾ പിടിച്ചെടുക്കാവുന്നതും, 72 മണിക്കൂർ വരെ അന്വേഷണത്തിനായി ഇവ കൈവശം സൂക്ഷിക്കാവുന്നതുമാണ്. തെറ്റായ സത്യവാങ്ങ്മൂലം സമർപ്പിക്കുന്ന സാഹചര്യങ്ങളിലും അധികൃതർക്ക് ഇത്തരം വസ്തുക്കൾ പിടിച്ചെടുക്കാൻ അധികാരമുണ്ടായിരിക്കുന്നതാണ്.
Cover Image: Taif Airport, Saudi Press Agency.