യു എ ഇയുടെ അമ്പതാം ദേശീയദിനാഘോഷം, ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ എന്നിവ 2021 ഡിസംബർ രണ്ടിന് ദുബായിലെ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചു. ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാന മന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ സുപ്രീം കൗൺസിൽ അംഗങ്ങൾ, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികൾ, കിരീടാവകാശികൾ, ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ഹത്തയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തു.
യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകര്‍ത്തൃത്വത്തിലാണ് ഗോൾഡൻ ജൂബിലി ഔദ്യോഗിക ആഘോഷങ്ങൾ ഹത്തയിൽ വെച്ച് സംഘടിപ്പിച്ചത്. ഫുജൈറ ഭരണാധികാരി H.H. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉം അൽ കുവൈൻ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല. റാസ് അൽ ഖൈമ ഭരണാധികാരി H.H. ഷെയ്ഖ് സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമി, ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും, കിരീടാവകാശിയുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമി, അജ്‌മാൻ കിരീടാവകാശി H.H. ഷെയ്ഖ് അമർ ബിൻ ഹുമൈദ് അൽ നുഐമി, ഫുജൈറഹ് കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി, ഉം അൽ കുവൈൻ കിരീടാവകാശി H.H. റാഷിദ് ബിൻ സൗദ് ബിൻ റാഷിദ് അൽ മുഅല്ല, റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖ്‌ർ അൽ ഖസ്സിമി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
ഇവർക്ക് പുറമെ വിവിധ മേഖലകളിലെ ഭരണാധികാരികൾ, മന്ത്രിമാർ, വിവിധ വകുപ്പ് തലവന്മാർ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹജർ പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഹത്ത ഡാമിൽ വെച്ചാണ് ഈ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. യു എ ഇ ദേശീയ ദിന ഔദ്യോഗിക വെബ്‌സൈറ്റിലും, എല്ലാ പ്രാദേശിക ടിവി ചാനലുകളിലും ഈ ആഘോഷ ചടങ്ങുകൾ തത്സമയം ലഭ്യമാക്കിയിരുന്നു.
ആഘോഷ പരിപാടികൾക്ക് മുൻപ് ഹത്ത ഡാമിൽ വെച്ച് യു എ ഇയുടെ ഫെഡറൽ സുപ്രീം കൗൺസിൽ പ്രത്യേക യോഗം ഒരുക്കിയിരുന്നു.
ഹത്ത ഡാമിലെ തടാകത്തിൽ ഒരുക്കിയ ഫ്ലോട്ടിങ്ങ് സ്റ്റേജിൽ ആധുനിക സാങ്കേതികവിദ്യകളാൽ നിർമ്മിച്ചിരുന്ന വലിയ ഒരു ശില്പകല ഈ ചടങ്ങിന്റെ മുഖ്യ ആകർഷണമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് മുതൽക്കുള്ള യു എ ഇ ചരിത്രം, മനുഷ്യർ, പ്രകൃതി എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ഉയർത്തിക്കാട്ടുന്ന ഗംഭീരമായ ഒരു ഷോ ഈ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു. ഒമ്പത് അധ്യായങ്ങളിലായി യൂണിയന്റെ തുടക്കം വരെയും, തുടർന്നുള്ള 50 വർഷങ്ങളിലും ദേശത്തിന്റെ ചരിത്രത്തിലൂടെയുള്ള ഒരു യാത്രയിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന ഒരു ഫ്ലോട്ടിംഗ് തിയറ്റർ അനുഭവമായിരുന്നു ഈ ഷോ.
സമാനതകളില്ലാത്ത സർഗ്ഗാത്മകവും, കലാപരവുമായ കഥപറച്ചിലിലൂടെ, രാഷ്ട്രത്തിന്റെ നേട്ടങ്ങളിലേക്കും, ഭാവിയിലേക്കും വെളിച്ചം വീശുന്ന രീതിയിലൊരുക്കിയ ഈ ഷോയുടെ ആദ്യ അധ്യായത്തിൽ പരമ്പരാഗത എമിറാത്തി താളക്രമങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ഡ്രം വാദ്യങ്ങളുടെ അവതരണം ഉണ്ടായിരുന്നു. ഹജർ പർവതനിരകളിൽ നിന്ന് ഈ വാദ്യഘോഷങ്ങളുടെ മുഴക്കം പ്രതിഫലിക്കുന്ന അനുഭവം തികച്ചും ഗംഭീരമായിരുന്നു.
രണ്ടാം അധ്യായം ദെയ്‌റ എന്ന എമിറാത്തി കോമ്പസിന്റെ ആദിമ രൂപം എടുത്ത് കാട്ടുന്നതായിരുന്നു. ഇതേ തുടർന്ന് 200 ഡ്രോണുകൾ ഈ വേദിയ്ക്ക് ചുറ്റുമുള്ള ആകാശത്തിൽ ദീപക്കാഴ്ചകൾ ഒരുക്കി. അതേസമയം തന്നെ, പഴയ കാലത്തെ യു എ ഇ ജനത ഉപയോഗിച്ചിരുന്ന പുരാതന ജ്യോതിശ്ശാസ്‌ത്ര പദ്ധതിയായ ‘ദെയ്‌റത് അൽ ദുരൂർ’ ഫ്ലോട്ടിങ്ങ് സ്റ്റേജിലെ ശില്പരൂപത്തിൽ നിന്ന് അവതരിപ്പിക്കപ്പെട്ടു.
യു എ ഇയുടെ ചരിത്രത്തിന് വഴിതെളിക്കുന്നതിൽ മുന്നിൽ നിന്ന ഷെയ്‌ഖ മൈത ബിൻത് സൽമീൻ അൽ മൻസൂരി, ഷെയ്‌ഖ ഹെസ്സ ബിൻത് അൽ മുർ അൽ ഫലസി, ഷെയ്‌ഖ ഷംസ ബിൻത് സുൽത്താൻ അൽ മറാർ, ഷെയ്‌ഖ ഹമാമാ ബിൻത് ഒബൈദ് അൽ തെനെജി തുടങ്ങിയ വനിതകളുടെ ആവേശകരമായ കഥകൾ ഉൾപ്പെടുത്തിയാണ് മൂന്നാം അധ്യായം ഒരുക്കിയിരുന്നത്.
നാലാം അധ്യായം യു എ ഇ യൂണിയന്റെ രൂപീകരണത്തിലേക്ക് നയിച്ച കരാറിനെക്കുറിച്ചും, അഞ്ചാം അധ്യായം മരുഭൂമിയിൽ നിന്ന് ഇന്നത്തെ സമൃദ്ധിയിലേക്ക് യു എ ഇ എന്ന രാജ്യം വളർന്നതിന്റെയും കഥകൾ എടുത്ത് കാട്ടി. ആറാം അധ്യായം യു എ ഇയുടെ ദേശീയ ഗാനത്തെക്കുറിച്ചായിരുന്നു.
തുടർന്നുള്ള അധ്യായം എക്സ്പോ 2020 ദുബായ് വരെയുള്ള യു എ ഇയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ പരമ്പരാഗത സംഗീതത്തിന്റെ അകമ്പടിയോടെ അടയാളപ്പെടുത്തി. ഈ ഷോയുടെ അവസാന അധ്യായങ്ങൾ യു എ ഇ എന്ന രാജ്യം ഭാവിയിൽ നേടാൻ ആഗ്രഹിക്കുന്ന നേട്ടങ്ങളെ എടുത്ത് കാട്ടുന്നതായിരുന്നു. ഡ്രോണുകൾ ഉൾപ്പടെ പങ്കെടുത്ത അതിഗംഭീരമായ ഒരു കരിമരുന്ന് പ്രദർശനത്തോടെയാണ് ഈ ആഘോഷപരിപാടികൾ അവസാനിച്ചത്.
WAM