യു എ ഇ – ഒമാൻ റെയിൽ ശൃംഖല: 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ ഒപ്പ് വെച്ചു

featured GCC News

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനായി 303 കിലോമീറ്റർ നീളമുള്ള റെയിൽ പാതയുടെ നിർമ്മാണം സംബന്ധിച്ച കരാറിൽ അധികൃതർ ഒപ്പ് വെച്ചു. ഈ പദ്ധതിയുടെ നിർമ്മാണ, നടത്തിപ്പ് കരാറുകാരായ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയും, അബുദാബിയിലെ മുബാദലയും തമ്മിലാണ് ഈ കരാറിൽ ഒപ്പ് വെച്ചിരുക്കുന്നത്.

2023 ഫെബ്രുവരി 21-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. 11 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ളതാണ് ഈ കരാർ.

യു എ ഇ എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ വകുപ്പ് മന്ത്രിയും, ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി ചെയർമാനുമായ H.E. സുഹൈൽ അൽ മസ്‌റൂഇയുടെ സാന്നിധ്യത്തിൽ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി സി ഇ ഓ അഹ്‌മദ്‌ അൽ ഹാഷിമി, മുബാദല എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബഖീത് അൽ ഖതീരി എന്നിവരാണ് ഈ കരാറിൽ ഒപ്പ് വെച്ചത്. യു എ ഇ – ഒമാൻ റെയിൽ ശൃംഖലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെയും, കൂടുതൽ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിന്റെയും ഭാഗമായാണ് ഈ കരാർ.

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ 2022 സെപ്റ്റംബറിൽ ഒപ്പ് വെച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി എന്ന തുല്യപങ്കാളിത്തമുള്ള ഒരു കമ്പനി രൂപീകരിക്കാൻ ഇരുകൂട്ടരും ധാരണയിലെത്തിയിരുന്നു.

ഇതിന്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയും, മുബാദലയും തമ്മിൽ കരാറിലേർപ്പെട്ടിരിക്കുന്നത്.

സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 303 കിലോമീറ്റർ നീളമുള്ള ഈ റെയിൽ പാത ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വാണിജ്യബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം ടൂറിസം, ചരക്കുഗതാഗതം മുതലായവയെ സുഗമമാക്കുന്നു. ഒമാനിലെയും, യു എ ഇയിലെയും വാണിജ്യ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഈ റെയിൽ പാത ലക്ഷ്യമിടുന്നു. തുടർച്ചയായുള്ള വിദേശനിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

മണിക്കൂറിൽ ഏതാണ്ട് 200 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനുകളാണ് ഈ പാതയിൽ സർവീസ് നടത്തുക എന്നാണ് കരുതുന്നത്. യു എ ഇ – ഒമാൻ റെയിൽ ശൃംഖല യാഥാർഥ്യമാകുന്നതോടെ 100 മിനിറ്റ് കൊണ്ട് സോഹാറിൽ നിന്ന് അബുദാബിയിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്നതാണ്.

Cover Image: Abu Dhabi Media Office.