ഇരു രാജ്യങ്ങളിലെയും ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരസ്പരം കൈമാറുന്നതിന് യു എ ഇയും, ഖത്തറും ധാരണയിലെത്തി. 2023 ഫെബ്രുവരി 8-ന് യു എ ഇ ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിനായി ഇരു രാജ്യങ്ങളിലെയും ട്രാഫിക് ഇൻഫർമേഷൻ സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അബുദാബിയിൽ വെച്ച് നടന്ന ഇരു രാജ്യങ്ങളുടെയും ജോയിന്റ് സെക്യൂരിറ്റി കമ്മിറ്റി യോഗത്തിന് ശേഷമാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
ഈ പുതിയ പദ്ധതി പ്രവർത്തനക്ഷമമാക്കിയതായും, ഒരു ജി സി സി സംയുക്ത പദ്ധതിയുടെ കീഴിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ട്രാഫിക് വിവരങ്ങൾ പരസ്പരം കൈമാറുന്നതിനൊപ്പം, ട്രാഫിക് സേവനങ്ങൾ സുഗമമാക്കുന്നതിനും, ട്രാഫിക് നടപടികൾ ഏകോപിപ്പിക്കുന്നതിനും ഈ പദ്ധതി സഹായകമാണ്.